ത്യാഗത്തിന്റെയും സമാധാനാത്തിന്റെയും സന്ദേശം പകർന്നു പെരുന്നാൾ നമസ്കാരങ്ങൾ
Friday, September 16, 2016 3:39 AM IST
കുവൈത്ത്: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് വിവിധ പള്ളികളിൽ ബലി പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. ഇബ്റാഹിം പ്രവാചകന്റെയും കുടുംബത്തിന്റെയും സ്മരണകൾ പുതുക്കി, ജീവിത വിശുദ്ധി മുറുകെപ്പിടിക്കാനും സമാധാനത്തിന്റെ പ്രചാരകരാവാനും പെരുന്നാൾ പ്രഭാഷണങ്ങളിൽ വിവിധ ഖത്വീബുമാർ ജനങ്ങളെ ആഹ്വാനം ചെയ്തു.

പരസ്പര സഹവർത്തിത്വവും സഹജീവി സ്നേഹവും ഉയർത്തിപ്പിടിക്കാനും ഭീകരതക്കും തീവ്രതക്കുമെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാനും അഭ്യർഥിച്ച ഖത്വീബുമാർ മർദ്ദിതരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള ഐക്യദാർഡ്യമായി ഈദ് മാറട്ടെ എന്ന് ആശംസിച്ചു.

കെഐജിക്ക് കീഴിൽ കുവൈത്ത് സിറ്റി ബലദിയക്കു സമീപം മസ്ജിദ് ഗർബലിയിൽ സക്കീർ ഹുസൈൻ തുവൂർ, ഫർവാനിയ പാർക്കിനു സമീപം മസ്ജിദ് നിസാലിൽ അനീസ് ഫാറൂഖി, റാസ് സാല്മിയ മസ്ജിദ് അബൂസുഫ് യാനില് കെ.എ. സുബൈർ, ഫഹാഹീൽ ബലദിയ പള്ളിയിൽ നിയാസ് ഇസ്ലാഹി, റിഗായി മസ്ജിദ് സഹ്വ് അൽ മുതൈരിയില് അനീസ് അബ്ദുസലാം, മഹബൂല മസ്ജിദ് റഹ്മാനിൽ ഇ.എം. സിദ്ദീഖ് ഹസന് എന്നിവർ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്കി.

ഭക്‌തി സാന്ദ്രമായ അന്തരീക്ഷത്തിൽ വിവിധ പള്ളികളിൽ നടന്ന ബലി പെരുന്നാൾ നമസ്കാരങ്ങളിൽ ആയിരക്കണക്കിന് മലയാളികളായ വിശ്വാസികൾ കുടുംബ സമേതം പങ്കെടുത്ത് ഈദ് ആശംസകൾ കൈമാറിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സന്തോഷം പങ്കുവച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ