ഓണം ഈദ് ആഘോഷങ്ങൾക്ക് ഈസ്റ്റ് കോഡൂരിന് ഷിഫാ ജസീറ സാരഥിയുടെ പാരിതോഷികങ്ങൾ
Friday, September 16, 2016 3:38 AM IST
മലപ്പുറം: നാട്ടിലേയും ഗൾഫിലേയും ജീവകാരുണ്യരംഗത്തും സാമൂഹിക സേവനരംഗത്തും നിസ്തുലസേവനമർപ്പിക്കുന്ന ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. കെ.ടി. റബീഉള്ള ഈസ്റ്റ് കോഡൂരിലെ രണ്ടായിരത്തോളം പേർക്ക് ഓണം–പെരുന്നാൾ കിറ്റുകൾ നല്കി.

ഉത്സവപ്പെരുമ തുടിച്ചുനിന്ന അന്തരീക്ഷത്തിൽ റബീഉള്ളയും മകൻ ഫസൽ റബീയും ചേർന്നാണ് രാവിലെ ഏഴു മുതൽ പന്ത്രണ്ടു വരെ പെരുന്നാൾ കിറ്റുകളും വൈകുന്നേരം നാലിന് ഓണം കിറ്റുകളും വിതരണം ചെയ്തത്. മൊത്തം 76 ലക്ഷം രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്തത്.

കഴിഞ്ഞ പതിനൊന്നു വർഷമായി എല്ലാ ഓണത്തിനും പെരുന്നാളിനും കിറ്റുകളും സഹായധനവും നല്കി വരുന്ന ഷിഫാ ജസീറയുടെ ചടങ്ങിൽ ഇതാദ്യമായാണ് കെ.ടി. റബീഉള്ള നേരിട്ടു നേതൃത്വം നല്കുന്നത്. നേരത്തെ ഈ ഗ്രാമം ദത്തെടുത്ത് തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് ഓട്ടോറിക്ഷകൾ നൽകിയിരുന്നു.

സൗദി അറേബ്യ, ഒമാൻ, ബഹറിൻ, യുഎഇ, ഖത്തർ, കുവൈത്ത് എന്നീ ആറു ഗൾഫ് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, ആതുര ചികിത്സയോടൊപ്പം സൗജന്യ സേവനരംഗത്തും വ്യക്‌തിമുദ്ര പതിപ്പിച്ച ഷിഫാ അൽ ജസീറ ഇതിനകം പത്ത് കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിനിരയായവരുടെ ആശ്രിതർക്ക് നൽകിയ സഹായവും എടുത്തു പറയേണ്ടതാണ്.

മസ്ക്കറ്റിലെ ആദ്യത്തെ ഷിഫ ജസീറ പ്രീമിയം പോളിക്ലിനിക്ക് സെപ്റ്റംബർ 29 ന് ഉദ്ഘാടനം ചെയ്യുമെന്ന് ഡോ. കെ.ടി. റബീഉള്ള അറിയിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ