കുവൈത്തിലെ ഇന്ത്യൻ വീട്ടുജോലിക്കാരുടെ കാര്യത്തിലും വീട്ടുവാടക പ്രശ്നത്തിലും ഉടൻ ഇടപെടും: ഇന്ത്യൻ അംബാസഡർ
Thursday, September 15, 2016 7:04 AM IST
കുവൈത്ത്: അഖാമ ഇല്ലാതെ ഇന്ത്യൻ എംബസി അഭയകേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യൻ വീട്ടുജോലിക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനു പകരം കുവൈത്ത് സർക്കാരുമായി ചർച്ച നടത്തി അവരുടെ വീസക്കു നിയമസാധുത നൽകി കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൽ ജോലി ചെയ്യുവാൻ അവസരമൊരുക്കുന്നതിന് ഇടപെടാമെന്നു ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ സമ്മതിച്ചു. ഇടുക്കി അസോസിയേഷൻ കുവൈറ്റ് പ്രതിനിധികളുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതുപോലെ ഇടുക്കി അസോസിയേഷൻ ചൂണ്ടിക്കാട്ടിയ മറ്റൊരു സാമൂഹിക പ്രശ്നമാണ് പ്രവാസികളുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന അനിയന്ത്രിയമായ വീട്ടുവാടക. കുവൈത്തിലെ നിയമം അനുസരിച്ച് ചതുരശ്ര അടി പ്രകാരം ഓരോ ഏരിയയ്ക്കും നിശ്ചിത വാടക രേഖപെടുത്തിയിട്ടുണ്ടെങ്കിലും അത് ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന ഏരിയയിൽ നടപ്പാക്കപ്പെടുന്നില്ല എന്ന സത്യം അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിലും ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്താമെന്നും അംബാസഡർ ഉറപ്പു നൽകി.

ഒക്ടോബർ 14നു നടത്തുന്ന ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ഓണാഘോഷത്തിൽ വിശിഷ്‌ടാതിഥിയായുള്ള പങ്കെടുക്കാനുള്ള ക്ഷണം സുനിൽ ജെയിൻ സ്വീകരിച്ചു.

ഇടുക്കി അസോസിയേഷൻ പ്രസിഡന്റ് ജറൽ ജോസ്, ജനറൽ സെക്രട്ടറി ജാക്സൺ കാളിയാനി, അഡ്വൈസറി ചെയര്മാൻ ജോയി മുണ്ടക്കാട്ട്, വൈസ് പ്രസിഡന്റ് ടോം ഇടയോടി, ട്രഷറർ ജോസ് തോമസ്, മുൻ പ്രസിഡന്റ് ജോർജി മാത്യു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ