ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര; ഒരുക്കങ്ങൾ പൂർത്തിയായി
Thursday, September 15, 2016 6:59 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസും സംയുക്‌തമായി മെൽബണിൽനിന്നും ടാസ്മേനിയായിലേക്ക് കപ്പലിൽ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര നടത്തുന്നു.

സെപ്റ്റംബർ 17നു (ശനി) രാവിലെ 7.30ന് ഇരുനൂറിൽപരം അംഗങ്ങൾ പോർട്ട് മെൽബണിൽ ഒത്തുകൂടും. സ്പിരിറ്റ് ഓഫ് ടാസ്മാനിയ എന്ന കപ്പലിൽ രാവിലെ ഒമ്പതിന് മെൽബണിൽ നിന്നും അനുസ്മരണ യാത്ര ക്നാനായ മിഷന്റെ ചാപ്ലെയിൻ ഫാ. തോമസ് കൂമ്പുക്കൽ ഫ്ളാഗ് ഓഫ് ചെയ്യും. ടീ ഷർട്ടും ജീൻസും ആണ് മുഖ്യവേഷം. വിവിധ തരത്തിലുള്ള ഗെയിമുകൾ, ടാബ്ളോ, കോമഡി പരിപാടികൾ, ക്നാനായി തോമായുടെ ചരിത്രം, സിമ്പോസിയങ്ങൾ, ക്വിസ് മത്സരം തുടങ്ങിയവ അനുസ്മരണ യാത്രയുടെ ഭാഗമായിരിക്കും.

നാലു ദിവസം നീളുന്ന യാത്രയിൽ ടാസ്മേനിയായിലെ വിവിധ സ്‌ഥലങ്ങളിൽ സന്ദർശനം നടത്തുന്ന സംഘം ഞായറാഴ്ച നടക്കുന്ന താമർ റിസോർട്ടിൽ നടക്കുന്ന വിശുദ്ധു കുർബാനക്ക് ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പുക്കൽ എന്നിവർ നേതൃത്വം നൽകും. തുടർന്നു മെൽബണിലെ നോർത്ത് സെന്ററിൽനിന്നുള്ള അംഗങ്ങളും സൗത്ത് സെന്ററിൽ നിന്നുള്ള അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

ക്നാനായ അനുസ്മരണ യാത്രയുടെ വിജയത്തിനായി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പുക്കൽ, ട്രസ്റ്റിമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, മെൽബൺ കാത്തലിക് കോൺഗ്രസിന്റെ ഭാരവാഹികൾ, വിവിധ കമ്മിറ്റികൾ എന്നിവർ നേതൃത്വം നൽകുന്നു.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ