മാത്യു തരകൻ ഫിലഡൽഫിയ മേയറുടെ ഏഷ്യൻ അമേരിക്കൻ അഫയേഴ്സ് കമ്മീഷണർ
Thursday, September 15, 2016 6:50 AM IST
ഫിലഡൽഫിയ: ഓർമ (ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാഷനൽ) സെക്രട്ടറി മാത്യു തരകനെ ഫിലഡൽഫിയ മേയർ ജിം കെനി, ഏഷ്യൻ അമേരിക്കൻ അഫയേഴ്സിന്റെ കമ്മീഷണറായി നിയമിച്ചു.

ഏഷ്യൻ അമേരിക്കൻ*സമൂഹത്തെ ബാധിക്കുന്ന നയങ്ങളിലും നടപടികളിലും നിയമനിർമാണങ്ങളിലും*മേയർക്ക് മാർഗനിർദ്ദേശം നൽകുകയാണ് കമ്മീഷണറുടെ ചുമതല. ഏഷ്യൻ അമേരിക്കൻ സമൂഹത്തിന്റെ സാംസ്കാരികവും കലാപരവുമായ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുവാനുള്ള ചുമതലയും കമ്മീഷണർക്കുണ്ട്.

ഫിലഡൽഫിയ സിറ്റിയിലെ ഗതാഗതകുരുക്കം അത്യാഹിതങ്ങളും ഗണ്യമായി കുറയ്കുവാൻ നിലവിലുള്ള ഭരണാധികാരികൾക്കു സമർപ്പിച്ച ‘വിഷൻ സീറോ’ പ്ലാനിന്റെ ഉപജ്‌ഞാതാവാണ് മാത്യു തരകൻ. അമേരിക്കയിൽ വിവിധ സ്‌ഥലങ്ങളിലായി നാല്പതു ചാപ്റ്ററുകളുള്ള കോൺഫറൻസ് ഓഫ് മൈനോരിറ്റി ട്രൻസ്പോർട്ടേഷൻ ഒഫീഷ്യൽസിന്റെ (കോംടോ) വൈസ്പ്രസിഡന്റാണ് മാത്യു തരകൻ. മേയർ കെനിയുടെ നേതൃത്വത്തിലുള്ള*ട്രാൻസ്പോർട്ടേഷൻ ആൻഡ് ഇൻഫ്രാ സ്ട്രക്ച്ചർ ട്രാൻസിഷൻ കമ്മിറ്റിയുടെ കോ ചെയർമാനുമാണ് മാത്യു തരകൻ. സെപ്റ്റയിലെ സീനിയർ മാനേജ്മെന്റ് പദവിയിലാണ് മാത്യു തരകൻ ഇപ്പോൾ ജോലി ചെയ്യുന്നത്. ന്യൂനപക്ഷങ്ങളുടെയും വനിതകളുടെയും ബിസിനസ് പങ്കാളിത്തം പ്രധാനപ്പെട്ട നിർമാണക്കരാറുകളിൽ ഉറപ്പാക്കുകയാണ് മാത്യു തരകന്റെ ചുമതല.

സൗത്ത് ഈസ്റ്റേൻ പെൻസിൽവേനിയ ട്രാൻസ്പോർട്ടേഷൻ അതോറിറ്റിയിൽ (സെപ്റ്റ) റെയിൽ എൻജിനിയറിംഗ് മാനേജ്മെന്റിൽ 25 വർഷത്തെ പ്രഫഷണൽ മികവ് പുലർത്തിയിരുന്നു മാത്യു തരകൻ എന്ന് മേയറുടെ നിയമനപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്യുതരകന്റെ കഠിനാധ്വാനശീലവും സ്‌ഥിരോത്സാഹവും ചുമതലാബോധവും മികച്ചതാണെന്ന് സെപ്റ്റാ ഡപ്യൂട്ടി ജനറൽ മാനേജർ റിച്ചാഡ് ബേൺഫീൽഡും അസിസ്റ്റന്റ് ജനറൽ മാനേജർ നീൽ പട്ടേലും പറഞ്ഞു.

എടത്വ സ്വദേശിയായ മാത്യു തരകൻ കേരളത്തിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും മദ്രാസ് ലയോള കോളജിൽ നിന്ന് ഹിസ്റ്ററിയിലും പൊളിറ്റിക്കൽ സയൻസിലും ബിരുദവും ഫിലഡൽഫിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ധനശാസ്ത്രത്തിൽ എംബിഎയും കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സും കരസ്‌ഥമാക്കിയിട്ടുണ്ട്.

മാത്യു തരകന്റെ പുതിയ സ്‌ഥാനലബ്ദിയിൽ ഓർമ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് ജോസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ഡി. ജോർജ്, ട്രഷറർ ഷാജി മിറ്റത്താനി, ഓർമ വക്‌താവ് വിൻസന്റ് ഇമ്മാനുവൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ സിബിച്ചൻ ചെമ്പ്ളായിൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോർജ് ദേവസ്യാ അമ്പാട്ട്, ജോയിന്റ് സെക്രട്ടറി ടെസി മാത്യു എന്നിവർ പ്രസംഗിച്ചു.