ജർമനിയിലെ ഇരുപതു ലക്ഷം കുട്ടികൾ പട്ടിണിയിൽ
Tuesday, September 13, 2016 8:16 AM IST
ബർലിൻ: ജർമനിയിൽ ക്രമാനുഗതമായ വേഗത്തിൽ സമ്പദ് വ്യവസ്‌ഥ വളരുകയാണ്. തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കുറയുന്ന പ്രവണതയും തുടരുന്നു. എന്നിട്ടും രാജ്യത്ത് കുട്ടികളുടെ ദാരിദ്ര്യം വർധിച്ചു വരുന്നു എന്ന് കണക്കുകളിൽ വ്യക്‌തമാകുന്നു.

ഇരുപതു ലക്ഷത്തോളം കുട്ടികളുടെ കുടുംബങ്ങൾ സർക്കാർ ആനുകൂല്യങ്ങളുടെ മാത്രം ബലത്തിൽ ജീവിക്കുന്നു എന്നാണ് കണക്ക്. സ്റ്റേറ്റുകൾക്കിടയിൽ ഈ കണക്ക് വ്യാപകമായി ഏറിയും കുറഞ്ഞുമിരിക്കുന്നു.

പഴയ പശ്ചിമ ജർമനിയിലെ സ്റ്റേറ്റുകളിൽ മാത്രം ആനുകൂല്യങ്ങൾ പറ്റി ജീവിക്കുന്ന കുട്ടികളുടെ കുടുംബങ്ങളുടെ എണ്ണത്തിൽ 2011 ജനുവരി മുതലിങ്ങോട്ട് 12.4 ശതമാനം വർധനയാണ് കാണുന്നത്. 2015 വരെയുള്ള കണക്കുകളാണ് ഇതിനടിസ്‌ഥാനം.

മുൻ പൂർവ ജർമനിയിലെ സ്റ്റേറ്റുകളുടെ കാര്യത്തിൽ ഇതേ കാലയളവിലുള്ള വർധന 2.4 ശതമാനമാണ്. എന്നാൽ, ആകെ ശതമാനക്കണക്കിൽ പൂർവ ജർമനി പശ്ചിമ ജർമനിയെക്കാൾ മുന്നിലാണ്, 21.6 ശതമാനം.

മുൻ വർഷത്തെ അപേക്ഷിച്ച് 52,000 ആണ് ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വന്നിരിക്കുന്ന വർധന. മൂന്നു വർഷമായി ഏഴു മുതൽ പതിനഞ്ച് വരെ പ്രായമുള്ള കുട്ടികളിൽ 57.2 ശതമാനം പേരും ആനുകൂല്യങ്ങൾ സ്വീകരിക്കുന്നു. എത്രയും കാലം കൂടുതൽ ആനുകൂല്യത്തിൽ ജീവിക്കുന്നോ, ദാരിദ്ര്യത്തിന്റെ അവസ്‌ഥ അത്ര രൂക്ഷമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

യൂറോപ്യൻ യൂണിയനിലെ സമ്പന്നരാജ്യമായി ജർമനിയെ മുദ്രകുത്തുമ്പോഴും പട്ടിണിയുടെ പരിവട്ടത്തിന്റെ ലോകം, വിശപ്പിന്റെ നിലവിളിയുമായി ഒട്ടനവധി കുരുന്നുകൾ ജർമനിയുടെ ദാരിദ്ര്യത്തിന്റെ പര്യായമായി ഇവിടെ വസിക്കുന്നുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ