ഡാളസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അഗതികളോടൊപ്പം
Tuesday, September 13, 2016 8:15 AM IST
ഡാളസ്: ആഗോള മലയാളികൾ സമൃദ്ധിയുടെയും വിശ്വസാഹോദര്യത്തിന്റെയും മഹനീയ മാതൃകയായ ഓണം ആഘോഷിക്കുമ്പോൾ ഡാളസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വ്യത്യസ്തമാകുന്നു.

പ്രാദേശിക ഓണാഘോഷത്തോടൊപ്പം കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന അഗതി മന്ദിരങ്ങളുടെ ഓണാഘോഷ ധനസഹായ വിതരണവും ഈ വർഷം മുതൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രഥമ ചെക്ക് അസോസിയേഷൻ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ ഫിലിപ്പ് ചാമത്തിലിനു നൽകി നിർവഹിച്ചു.

ഒറ്റപ്പാലം പാലിയേറ്റിവ് കെയർ, മന്ദ ബുദ്ധികൾക്കായി പ്രവർത്തിക്കുന്ന തീരം തുടങ്ങി അഞ്ചു ജീവകാരുണ്യ കേന്ദ്രങ്ങൾക്കാണ് അസോസിയേഷൻ ഈ വർഷം ധനസഹായം നൽകിയത്.

ഓണം ദരിദ്രന്റെയും സമ്പന്നന്റെയും സമാന മനസോടെയുള്ള കുട്ടു ചേരലാണ്. ഈ വിശ്വസന്ദേശം ഉൾകൊണ്ടാണ് ജീവകാരുണ്യപരമായ ഇത്തരം കർമപരിപാടികളുമായി അസോസിയേഷൻ മുന്നോട്ടു പോകുന്നതെന്ന് ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു.

ഓണം സഹമനുഷ്യരോടുള്ള സ്നേഹവും സഹാനുഭൂതിയുമാണെന്നു പറഞ്ഞ ഫിലിപ്പ് ചാമത്തിൽ, ഡാളസ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ മറ്റു സംഘടനകൾക്കും മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു.

വിദേശമലയാളികൾ ആഘോഷപൂർവം ഓണമുണ്ണുമ്പോൾ കേരളത്തിലെ ദരിദ്രരായ സാധാരണക്കാരുടെ സ്മരണയും അവരെ സഹായിക്കുവാനുള്ള മനസും പ്രകടിപ്പിക്കേണ്ടതാണെന്ന് ഡിഎംഎ ട്രസ്റ്റി ബോർഡ് അംഗവും സാംസ്കാരിക പ്രവർത്തകനുമായ ബിജു തോമസ് പറഞ്ഞു.

ദരിദ്രന്റെ കണ്ണീരൊപ്പുകയും കഴിയുന്നിടത്തോളം അവന്റെ ജീവിതത്തിനു സാന്ത്വനമേകുകയും ചെയ്യുമ്പോഴാണ് സംഘടനകളുടെ ശക്‌തിയും ദർശനവും കാര്യക്ഷമമാകുന്നതെന്ന് അസോസിയേഷൻ സെക്രട്ടറി സാം മത്തായി പറഞ്ഞു. ചടങ്ങിൽ രവികുമാർ എടത്വ സംസാരിച്ചു.