സൗദി അറേബ്യക്കെതിരായ നഷ്‌ടപരിഹാര ബിൽ ഒബാമ വീറ്റോ ചെയ്യും
Tuesday, September 13, 2016 5:24 AM IST
വാഷിംഗ്ടൺ: 2001 സെപ്റ്റംബറിൽ നടന്ന അൽക്വയിദ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സൗദി അറേബ്യ നഷ്‌ടപരിഹാരം നൽകണമെന്ന് സെനറ്റ് പാസാക്കിയ ബിൽ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു.

യുഎസ് സെനറ്റ് മേയിലാണ് ഈ ബിൽ ഐകകണ്ഠേനെ അംഗീകരിച്ച് പ്രസിഡന്റിന്റെ അംഗീകരത്തിനായി അയച്ചത്. ബിൽ നിയമമായാൽ സൗദി അറേബ്യയുമായുളള നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് ഇതിനു നൽകുന്ന വ്യാഖ്യാനം. ഭീകരതയ്ക്കെതിരെ ഫലപ്രദമായി പ്രതികരിക്കുന്നതിന് ബിൽ ഉപകരിക്കുകയില്ലെന്നും തുടർന്നു പറയുന്നു.

യുഎസ് സെനറ്റ്, ബിൽ പാസാക്കുന്നതിനുളള നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഒബാമയുടെ വീറ്റോ ദുർബലമാക്കുന്നതിനുളള അണിയറ ശ്രമങ്ങൾ ആരംഭിച്ചു. ഇതു പ്രാവർത്തികമായാൽ ആദ്യമായിട്ടായിരിക്കും ഒബാമയുടെ വീറ്റോ മറികടക്കുന്നതിൽ സെനറ്റ് വിജയിക്കുന്നത്.

സെനറ്റിന്റെ തീരുമാനം പ്രസിഡന്റ് ഒപ്പിട്ട് നിയമമാകാതിരിക്കുന്നതിന് സൗദി ഉന്നതതല സമ്മർദം നടത്തിവരുന്നു. സെപ്റ്റംബർ 11നു നടന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ ഒബാമക്ക് ഈ വിഷയത്തെക്കുറിച്ച് തുറന്ന കത്ത് നൽകിയിരുന്നു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ