മെൽബണിൽ എട്ടു നോമ്പ് തിരുനാൾ സെപ്റ്റംബർ 11ന്
Friday, September 9, 2016 8:06 AM IST
മെൽബൺ: സെന്റ് മേരീസ് സീറോ മലബാർ മെൽബൺ വെസ്റ്റ്*ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിതിരുനാൾ സെപ്റ്റംബർ 11ന് (ഞായർ) ആഘോഷിക്കുന്നു. മെൽബണിലെ ആർഡീറിലുള്ള കനൻ ഓഫ് ഹെവൻ ദേവാലയത്തിലാണ് തിരുനാൾ ആഘോഷം.

തിരുനാളിന് ഒരുക്കമായുള്ള നൊവേന ഓഗസ്റ്റ് നാലിനാണ് ആരംഭിച്ചത്. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി കൊടിയേറ്റു കർമം നിർവഹിച്ച് തിരുനാളിനു തുടക്കംകുറിച്ചു. തിരുനാൾ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും കൊന്തയും ഉണ്ടായിരിക്കും. ഫാ.വിൻസന്റ് മഠത്തിപറമ്പിൽ, ഫാ. പയസ് കൊടക്കത്താനത്ത്, ഫാ. ഏബ്രഹാം കുന്നത്തോളി, ഫാ. മനോജ് കന്നംതടത്തിൽ എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 10നു (ശനി) വൈകുന്നേരം 6.30 നുള്ള വിശുദ്ധ കുർബാനക്കും നൊവേനക്കും തിരി പ്രദക്ഷിണത്തിനും ഫാ.ടോമി കളത്തൂർ മുഖ്യ കാർമികനായിരിക്കും.

തിരുനാൾ ദിനമായ 11നു (ഞായർ) 2.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ ഫാ.ഫ്രാൻസിസ് പുല്ലുകാട്ട് മുഖ്യകാർമികനായിരിക്കും. ഫാ. ഏബ്രഹാം കഴുന്നടിയിൽ സന്ദേശം നൽകും. തുടർന്നു തിരുസ്വരൂപങ്ങളും വഹിച്ചു നടത്തുന്ന പ്രദക്ഷിണത്തിൽ ഉത്സവിന്റെയും എംസിഎസ്എയുടെയും നേതൃത്വത്തിൽ ചെണ്ടമേളവും മാൾട്ട ഗോസയുടെ ബാൻഡ് സെറ്റും ഉണ്ടായിരിക്കും. തിരുനാൾ ദിവസം മാതാവിന്റെ മുടി എഴുന്നള്ളിക്കുന്നതിനും അമ്പ് എഴുന്നള്ളിക്കന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുനാളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വികാരി റവ. ഡോ.മാത്യു കൊച്ചുപുരയ്ക്കൽ സ്വാഗതം ചെയ്തു.

37 പ്രസുദേന്തിമാരാണ് ഈ വർഷം തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്. വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ, ട്രസ്റ്റിമാരായ ബിജു തായ്യങ്കരി, ജോർജ് കൊച്ചുപുരയ്ക്കൽ, സോനു തെക്കനടിയിൽ എന്നിവരുടെയും പാരീഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ