ഷിക്കാഗോ മലയാളി അസോസിയേഷനു നവ നേതൃത്വം
Thursday, September 8, 2016 8:17 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016– 18 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി രഞ്ജൻ ഏബ്രഹാം (പ്രസിഡന്റ്), ജിമ്മി കണിയാലി (സെക്രട്ടറി), ഫിലിപ്പ് പുത്തൻപുരയിൽ (ട്രഷറർ), ജോൺസൺ കണ്ണൂക്കാടൻ (വൈസ് പ്രസിഡന്റ്), ജിതേഷ് ചുങ്കത്ത് (ജോയിന്റ് സെക്രട്ടറി), ഷാബു മാത്യു (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജൻ ഏബ്രഹാം ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

വിവിധ സാമൂഹിക–സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവരും സംഘാടകപാടവം തെളിയിച്ചവരും, അനുഭവ സമ്പന്നരുമായ ഇവരുടെ കരങ്ങളിൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഭാവി ശോഭനമായിരിക്കുമെന്നു പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും പറഞ്ഞു.

അച്ചൻകുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തിൽപറമ്പിൽ, ജേക്കബ് മാത്യു പുറയംപള്ളിൽ, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോഷി എം. പൂത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ, മത്തിയാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനികുന്നേൽ, സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, സഖറിയ ചേലയ്ക്കൽ എന്നിവരാണ് പുതിയ ഡയറക്ടർബോർഡ് അംഗങ്ങൾ. ടോമി അംബേനാട്ടും, ബിജി. സി. മാണിയും എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.

ഒക്ടോബർ 23–നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സി.എം.എ ഹാളിൽ ചേരുന്ന ജനറൽബോഡി യോഗത്തിലായിരിക്കും പുതിയ ബോർഡ് അധികാരമേൽക്കുക.

ജനോപകാരപ്രദമായ കൂടുതൽ പരിപാടികൾ നടത്തുവാൻ ശ്രമിക്കുമെന്നു നിയുക്‌ത പ്രസിഡന്റ് രഞ്ജൻ ഏബ്രഹാമും, സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യംകുറഞ്ഞവരെ സഹായിക്കുവാൻ ഇ.എസ്.എൽ ക്ലാസുകൾ, സിറ്റിസൺഷിപ്പ് ഇന്റർവ്യൂവിനു സഹായകരമായ പരിശീലനം, ഒ.സി.ഐ കാർഡിനു പുതുതായി അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും സഹായകരമായ വർക്ക് ഷോപ്പുകൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സി.എം.എ ഹാളിൽ നടത്തുക, ഇനിയും ഇവിടുത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുവാൻ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ രജിസ്റ്റർ ചെയ്യാൻ സഹായിക്കുക, ആരെങ്കിലും നിര്യാതരായാൽ അവരുടെ ചരമക്കുറിപ്പുകൾ മാധ്യമങ്ങൾക്ക് എത്തിച്ചുകൊടുക്കുക തുടങ്ങിയ കർമ്മപരിപാടികൾ ആരംഭിക്കുന്നതിനായി പബ്ലിക് എയ്ഡ് സെൽ, മലയാളി അസോസിയേഷൻ സീനിയേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ തുടങ്ങുവാൻ മുൻഗണന കൊടുക്കുമെന്നും അവർ പറഞ്ഞു.

മുൻ വർഷങ്ങളിൽ നടത്തിയിരുന്ന എല്ലാ പരിപാടികളും തുടരുന്നതോടൊപ്പം പുതിയ പരിപാടികളും ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതായിരിക്കും. ഇത്തരം പരിപാടികളുടെയെല്ലാം വിജയത്തിന് നല്ലവരായ ഷിക്കാഗോ മലയാളി സമൂഹത്തിന്റെ നിർലോഭമായ സാമ്പത്തിക,സഹായ,സാന്നിധ്യ സഹകരണങ്ങൾ നിയുക്‌ത ഭാരവാഹികൾ അഭ്യർത്ഥിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം