താമസരേഖ ഇല്ലാത്ത ഇന്ത്യക്കാരെ നാട്ടിലത്തെിക്കുവാൻ ശ്രമിക്കും: വി.കെ. സിംഗ്
Thursday, September 8, 2016 7:27 AM IST
കുവൈത്ത്: കുവൈത്തിൽ താമസ രേഖകളില്ലാതെ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരെ ഉടൻ നാട്ടിലത്തെിക്കുവാൻ കുവൈത്ത് സർക്കാരുമായി സഹകരിച്ച് നടപടികൾ എടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു.

ഇത്തരക്കാർക്ക് ഇന്ത്യയിലേക്ക് പോകുവാനുള്ള നിയമ പരിരക്ഷക്കുവേണ്ടി കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായും തൊഴിൽ മന്ത്രാലയുവുമായി ചർച്ചകൾ നടത്തിയതായും സർക്കാർ അനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റ്് രംഗത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് ഉടൻ കുവൈത്ത് സന്ദർശിക്കുമെന്ന ഉറപ്പു നൽകിയ മന്ത്രി, തന്റെ യാത്ര സൗഹൃദ സന്ദർശനമാണെന്നും ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായും അറിയിച്ചു.

രാജ്യത്തെ വിദേശികളുടെ കാര്യത്തിൽ എന്നും അനുഭാവപൂർണമായ സമീപനമാണ് കുവൈത്ത് സർക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്. മേഖലയിലെ എണ്ണ വിപണയിൽ വന്ന ചാഞ്ചാട്ടം സാമ്പത്തിക മേഖലയെയും തൊഴിൽ മേഖലയെയും ഗ്രസിച്ചിട്ടുണ്ടന്നും അതിന്റെ അനുരണനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിന്റെ ഭരണത്തിൽ ഇന്ത്യൻ സർക്കാരിനോ എംബസിക്കോ യാതൊരു പങ്കുമില്ല. സ്കൂൾ ഇന്ത്യൻ കമ്യൂണിറ്റിയുടെതാണെന്നും ഇപ്പോഴുള്ള പ്രതിസന്ധി അവർ തന്നെ തീർക്കണമെന്നും വി.കെ സിംഗ് പറഞ്ഞു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ