മെർക്കലിന് സീഹോഫറുടെ അന്ത്യശാസനം
Wednesday, September 7, 2016 8:23 AM IST
ബർലിൻ: മെക്കലൻബുർഗ്് ഫോർപോമൻ സ്റ്റേറ്റ് ഇലക്ഷനിലെ തിരിച്ചടിക്കു പിന്നാലെ ജർമൻ ചാൻസലർ ആംഗല മെർക്കലിന് ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയൻ അധ്യക്ഷൻ ഹോർസ്റ്റ് സീഹോഫറുടെ അന്ത്യശാസനം.

ജർമൻകാർക്ക് ആവശ്യം ബർലിൻ രാഷ്ര്‌ടീയമല്ലെന്നും അവരുടെ വിശ്വാസം വീണ്ടെടുക്കാൻ പുതിയ മാർഗങ്ങൾ ആലോചിക്കണമെന്നുമാണ് ബവേറിയൻ മുഖ്യമന്ത്രി കൂടിയായ സീഹോഫർ വ്യക്‌തമാക്കുന്നത്.

സ്റ്റേറ്റ് ഇലക്ഷനിൽ എസ്പിഡിക്കും എഎഫ്ഡിക്കും പിന്നിൽ മൂന്നാം സ്‌ഥാനം മാത്രമാണ് മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനു ലഭിച്ചത്. സിഡിയുവിന്റെ ബവേറിയൻ സഹോദര പാർട്ടിയാണ് സീഹോഫറുടെ സിഎസ്യു.

അഭയാർഥികളോടുള്ള ഉദാര സമീപനമാണ് ബർലിൻ രാഷ്ര്‌ടീയം എന്ന പേരിൽ സീഹോഫർ വിശേഷിപ്പിക്കുന്നത്. ഈ നയം മാറ്റണമെന്ന് അദ്ദേഹം ഏറെ നാളായി ആവർത്തിച്ച് ആവശ്യപ്പെട്ടു വരികയുമാണ്. തെരഞ്ഞെടുപ്പു പരാജയത്തോടെ ആവശ്യത്തിന് ശക്‌തി കൂടുകയും ചെയ്തിരിക്കുന്നു.

അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോൾ മെർക്കലിനു രാജ്യത്തെ ജനപിന്തുണ. ഈ സാഹചര്യത്തിൽ, പ്രധാന സഖ്യകക്ഷിയിൽനിന്നു കടുത്ത എതിർപ്പു നേരിടേണ്ടി വരുന്നത് അവരെ കുടുതൽ ക്ഷീണിപ്പിക്കും.

എന്നാൽ, തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അതിന് അഭയാർഥി നയം കാരണമായെന്നു സമ്മതിക്കുകയും ചെയ്യുമ്പോഴും നയത്തിൽ മാറ്റം വരുത്താൻ തയാറല്ലെന്നു തന്നെയാണ് മെർക്കൽ പറയുന്നത്. ആത്യന്തികമായി ഈ നയമാണു ശരിയെന്നും അവർ ആവർത്തിക്കുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ