ഇടിഎച്ച് സൂറിച്ച് യൂറോപ്പിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി
Wednesday, September 7, 2016 8:23 AM IST
ബർലിൻ: സ്വിറ്റ്സർലൻഡിലെ ഇടിഎച്ച് സൂറിച്ച് യൂറോപ്യൻ യൂണിയനിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു.

ആഗോള റാങ്കിംഗിൽ എട്ടാം സ്‌ഥാനമാണ് സ്വിസ് ഫെഡറൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (ഇടിഎച്ചി)നു ലഭിച്ചിരിക്കുന്നത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് ഒരു പടി മുകളിലാണ്.

ആദ്യ പത്തിലെ മറ്റെല്ലാ യൂണിവേഴ്സിറ്റികളും യുഎസിൽനിന്നും യുകെയിൽനിന്നുമാണ്. ഗവേഷണം, അധ്യാപനം, തൊഴിൽ സാധ്യത, അന്താരാഷ്ര്‌ടവത്കരണം എന്നീ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് തയാറാക്കുന്നത്. ഈ വർഷം 916 യൂണിവേഴ്സിറ്റികളെയാണ് പരിഗണിച്ചത്. തുടർച്ചയായി പതിമൂന്നാം വർഷമാണ് ക്യുഎസ് യൂണിവേഴ്സിറ്റി റാങ്കിംഗ് പുറത്തിറക്കുന്നത്.

ആഗോള പട്ടികയിലെ ആദ്യ മൂന്നു സ്‌ഥാനങ്ങളും യുഎസ് യൂണിവേഴ്സിറ്റികൾക്കാണ്. എംഐടി തുടരെ അഞ്ചാം വർഷവും ഒന്നാം സ്‌ഥാനത്ത്. സ്റ്റാൻഫോർഡും ഹാർവാർഡും രണ്ടും മൂന്നും സ്‌ഥാനങ്ങളിലെത്തിയപ്പോൾ ബ്രിട്ടനിലെ കേംബ്രിഡ്ജ് നാലാമതാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ