കേരള സ്പോർട്സ് ക്ലബ്ബ് ജേതാക്കൾ
Wednesday, September 7, 2016 1:34 AM IST
മെൽബൺ: ടിഎസ് ഇലവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ കേരള സ്പോർട്സ് ക്ലബ്ബ് ജേതാക്കളായി.

ഫൈനലിൽ ടിഎസ് ഇലവനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് കേരള സ്പോർട്സ് ക്ലബ് വിജയികൾക്കുള്ള ട്രോഫിയിൽ മുത്തമിട്ടത്.

അത്യന്തം ആവേശം വിതറിയ മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരള സ്പോർട്സ് ക്ലബ്ബിന്റെ ഇമ്മാനുവൽ ആദ്യ ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ടിഎസ് ഇലവൻ ഗോൾ മടക്കി. തുടർന്നു ഉണർന്നു കളിച്ച കേരള സ്പോർട്സ് ക്ലബ്ബ് ഇമ്മാനുവലിലൂടെ ഉഗ്രനൊരു ഹെഡറിലൂടെ വീണ്ടും ടിഎസ് ഇലവന്റെ ഗോൾവല ചലിപ്പിച്ചു. തുടർന്നു ഇരുടീമുകളും ആക്രമിച്ചു കളിച്ചുവെങ്കിലും ഗോൾ നേടാനായില്ല.

വിജയികൾക്കുവേണ്ടി ക്യാപ്റ്റൻ രമേഷ് കണ്ണൂർ ട്രോഫിയും 1001 ഡോളർ കാഷ് പ്രൈസും ഏറ്റുവാങ്ങി. മികച്ച ഗോൾ കീപ്പറായി കെഎസ്സിയുടെ ജെറി തെരഞ്ഞെടുക്കപ്പെട്ടു. ഗോൾഡൻ ബൂട്ടിന് ടിഎസ് ഇലവന്റെ തോമസ് ഫ്രാൻസിസ് അർഹനായി.