റസ്റ്ററന്റിൽ പെരുമാറ്റം മോശമായാൽ ബില്ലു കൂടും
Tuesday, September 6, 2016 8:25 AM IST
മാഡ്രിഡ്: കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ചാണ് ഹോട്ടലുകളിൽ സാധാരണ ബില്ലിടുന്നത്. എന്നാൽ, പെരുമാറ്റ രീതി കൂടി നോക്കി ബില്ലിടുന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു സ്പാനിഷ് റസ്റ്ററന്റ്.

ഭക്ഷണമൊക്കെ കഴിച്ചു പണം കൊടുക്കുമ്പോൾ മോശം പെരുമാറ്റമാണെങ്കിൽ കഴിച്ച തുകയേക്കാൾ കൂടിയ ബില്ലായിരിക്കും കൈയിൽ കിട്ടുക. നല്ല പെരുമാറ്റശീലം വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് ഈ സ്പാനിഷ് കഫേ ഇത്തരത്തിലൊരു ബില്ല് സമ്പ്രദായം സ്വീകരിച്ചത്. മറിച്ച് ഇവിടെയെത്തുമ്പോൾ നല്ല പെരുമാറ്റം കാഴ്ചവയ്ക്കുന്ന ഉപഭോക്‌താക്കൾക്ക് തുകയിൽ കുറവും ലഭിക്കും.

ഭക്ഷണം വിളമ്പുന്നവരോട്, പ്ലീസ്, താങ്ക്യൂ തുടങ്ങിയ വാക്കുകളൊക്കെ പ്രയോഗിക്കുന്നവർക്കാണു കഴിച്ച ഭക്ഷണത്തിന്റെ വിലയേക്കാൾ കുറവു ബില്ല് ലഭിക്കുന്നത്. സ്പെയ്നിലെ കോസ്റ്റ് ബ്രാവയിലുള്ള ബ്ലോ ഗ്രിഫ്യൂ റസ്റ്ററന്റ് ഉടമയായ മാരിസെൽ വലെൻഷ്യ മാഡ്രിഡാണ് പെരുമാറ്റം നന്നായാൽ കാശ് കീഴയിലിരിക്കുന്ന ഈ ബില്ലിംഗ് രീതിക്കു പിന്നിൽ. റസ്റ്ററന്റിൽ എത്തുന്നവർ ജോലിക്കാർക്കു നേരേ മര്യാദയില്ലാതെ പെരുമാറുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു ശിക്ഷ വിധിച്ചതെന്നാണ് മാരിസെൽ പറയുന്നത്.

സാധാരണയായി ഒരു കാപ്പിക്കു അഞ്ച് യൂറോയാണ് വില. എന്നാൽ പ്ലീസ് എന്നു ചേർത്തു കാപ്പി ആവശ്യപ്പെടുന്നവരിൽ നിന്നു മൂന്നര യൂറോ മാത്രമേ ഈടാക്കൂ. ഭക്ഷണം വിളമ്പുന്നയാളോട് ഗുഡ് മോണിംഗ് പറയുന്നവർ ഒന്നര യൂറോ നൽകിയാൽ മതി. യഥാർഥ വിലയും പെരുമാറ്റത്തിനനുസരിച്ച് ഈടാക്കുന്ന തുകയും പ്രദർശിപ്പിക്കുന്ന വിലവിവരപട്ടികയും റസ്റ്ററന്റിൽ സ്‌ഥാപിച്ചിട്ടുണ്ട്. ഇതു വലിയ മാറ്റമാണ് ഇവിടെയെത്തുന്ന ഉപഭോക്‌താക്കൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ആളുകൾ പരസ്പരം വളരെ ബഹുമാനത്തോടെ പെരുമാറുന്നു. ഇത് നിത്യജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കരുതുന്നതെന്നും മാരിസെൽ പറയുന്നു. കൊളംബിയക്കാരിയായ മാരിസെൽ കഴിഞ്ഞ ഒമ്പതു വർഷമായി ഭർത്താവിനൊപ്പം സ്പെയ്നിൽ റസ്റ്ററന്റ് നടത്തിവരികയാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ