തെരഞ്ഞെടുപ്പിൽ മെർക്കലിനു വൻ തിരിച്ചടി
Monday, September 5, 2016 8:19 AM IST
ബർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലിനു സ്വന്തം തട്ടകത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. ഞായറാഴ്ച നടന്ന സ്റ്റേറ്റ് ഇലക്ഷനിൽ മെക്ക്ലൻബുർഗ് – ഫോർപോമനിൽ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ രണ്ടാം സ്‌ഥാനത്തു നിന്നു മൂന്നാം സ്‌ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

സെന്റർ ലെഫ്റ്റ് കക്ഷിയായ എസ്പിഡി മുപ്പതു ശതമാനം വോട്ട് വിഹിതവുമായി ഒന്നാം സ്‌ഥാനം നിലനിർത്തി. കുടിയേറ്റ വിരുദ്ധ കക്ഷിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) 21 ശതമാനം വോട്ടു നേടി രണ്ടാം സ്‌ഥാനത്തെത്തിയിരിക്കുകയാണിവിടെ. മെർക്കലിന്റെ പാർട്ടിക്കു കിട്ടിയത് പത്തൊമ്പതു ശതമാനം വോട്ടു മാത്രം.

എഎഫ്ഡി ആദ്യമായാണ് വടക്കു കിഴക്കൻ സ്റ്റേറ്റിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മെർക്കലിന്റെ ഉദാരമായ അഭയാർഥിത്വ നയമാണ് കുടിയേറ്റ വിരുദ്ധ പാർട്ടിക്ക് വൻ മുന്നേറ്റത്തിനു കളമൊരുക്കിയതെന്ന് വിമർശനം ഉയരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ജർമൻ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള കർട്ടൻ റെയ്സറായാണ് സ്റ്റേറ്റ് ഇലക്ഷനെ വിലയിരുത്തപ്പെടുന്നത്.

പഴയ ഈസ്റ്റ് ജർമനിയുടെ ഭാഗമായിരുന്ന മെക്ക്ലൻബുർഗ്– ഫോർപോമൻ ജർമനിയിലെ ഏറ്റവും ദരിദ്രമായ സ്റ്റേറ്റാണ്. ഇവിടെ എഎഫ്ഡിയുമായി സഖ്യം രൂപീകരിച്ച് ഭരിക്കാനില്ലെന്ന് എല്ലാ മുഖ്യധാരാ പാർട്ടികളും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ, അവഗണിക്കാൻ കഴിയാത്ത ശക്‌തിയായി പാർട്ടി ഇവിടെ വളർച്ച പ്രാപിച്ചു കഴിഞ്ഞു എന്നാണ് തെരഞ്ഞെടുപ്പു ഫലത്തിൽ വ്യക്‌തമാകുന്നത്. അതിലുപരി അടുത്ത വർഷം ഓഗസ്റ്റിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മെർക്കൽ നാലാമൂഴവും ചാൻസലർ സ്‌ഥാനാർഥിയായാൽ കാലിടറുമെന്ന സൂചനയും കൂടിയാണ് ഈ തെരഞ്ഞെടുപ്പുഫലം എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ