കോൽക്കത്തയിലെ വിശുദ്ധ തെരേസയുടെ പ്രഥമ തിരുനാൾ ആഘോഷിച്ചു
Monday, September 5, 2016 8:18 AM IST
വത്തിക്കാൻസിറ്റി: വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം കോൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ആദ്യ തിരുനാൾ വത്തിക്കാനിൽ നടന്നു. ഇന്നു രാവിലെ പ്രാദേശിക സമയം പത്തിനു സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന കൃതജ്‌ഞതാബലിയും തിരുനാളിലും നിരവധി വിശ്വാസികളാണു സാക്ഷികളായത്. ദിവ്യബലിക്കു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിനി നേതൃത്വം നൽകി.

കേരളത്തിൽനിന്നു കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരെക്കൂടാതെ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോ, കോൽക്കത്ത ആർച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സ് സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാല എംസി എന്നിവരും മറ്റു നിരവധി കർദിനാൾമാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ദിവ്യബലിയിൽ സഹകാർമികരായിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഒട്ടനവധി സന്യാസിനി സന്യാസികളും മറ്റു സഭാംഗങ്ങളും അല്മായരുമുൾപ്പടെ 25000 ലധികം പേർ തിരുക്കക്കർമങ്ങളിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുതന്നെ നിരവധി പേർ വിശുദ്ധയുടെ ആദ്യ തിരുനാളിനു സാക്ഷികളായി എന്ന പ്രത്യേകതയും ഇന്നത്തെ തിരുനാളിനുണ്ട്.

മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമയ്ക്കു പുറമേ പോസ്റ്റുലേറ്ററായി പ്രവർത്തിച്ച റവ. ഡോ. ബ്രയൻ കോവോജയ്ചുകും നന്ദി അർപ്പിച്ചു സംസാരിച്ചു തുടർന്നു മദർ തെരേസയുടെ തിരുശേഷിപ്പ് സെന്റ് ജോവാന്നി ലാറ്ററൻ ബസലിക്കയിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചു. മദറിന്റെ രക്‌തത്തുള്ളികളാണു തിരുശേഷിപ്പായി മാറ്റിയത്.

1997 സെപ്റ്റംബർ അഞ്ചിനാണ് കരുണയുടെ മാലാഖയായ വിശുദ്ധ തെരേസ ദൈവസന്നിധിയിലേക്കു വിളിക്കപ്പെട്ടത്. അതുകൊണ്ടാണു വിശുദ്ധയുടെ തിരുനാൾ ഇന്നു ആഘോഷിച്ചത്.

ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധിയുടെ പരിമളം പരത്തിയ മദർ തെരേസയെന്ന കർമയോഗിയുടെ ജീവിതത്തിന്റെ തിരിനാളം ആത്മാവിലും വിശ്വാസത്തിൽ പൊതിഞ്ഞ കരുണയുടെ അനുഭവം പ്രവർത്തിയിലും ചേർത്തുവച്ചാണ് ഇവിടെയെത്തിയ ഓരോ വിശ്വാസിയും ഇന്നലെയും ഇന്നുമായി വത്തിക്കാനോടു യാത്രചൊല്ലിയത്. നോബേൽ സമ്മാനം നേടിയ ഒരു വ്യക്‌തി വിശുദ്ധയാകുന്നതും ലോകത്തിൽ ആദ്യമാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ