ഹജ്‌ജ്: ഫ്രന്റ്സ് ക്രിയേഷൻ മുഖാമുഖം സംഘടിപ്പിച്ചു
Monday, September 5, 2016 6:47 AM IST
റിയാദ്: പരസ്പര സഹകരണത്തിന്റെയും ഐക്യത്തിന്റെയും സമഭാവനയുടെയും മാനവികതയുടെയും ദർശനങ്ങളാണ് പരിശുദ്ധ ഹജ്‌ജ് കർമത്തിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് ഫ്രന്റ്സ് ക്രിയേഷൻസ് സംഘടിപ്പിച്ച ‘ഹജ്‌ജിന്റെ പൊരുൾതേടി’ മുഖാമുഖത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഷിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം ചെയ്തു. മാനവ ഐക്യം വിളംബരം ചെയ്യുന്ന ലോകത്തെ മഹാ സമ്മേളനമാണ് ഹജ്‌ജ്. സമസൃഷ്ടി സ്നേഹവും വിശാലമായ കാഴ്ചപ്പാടും അങ്ങേയറ്റത്തെ സഹിഷ്ണുതയും ഹാജിമാർ കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. ഹജ്‌ജിന്റെ കർമങ്ങളിലൂടെ എന്ന വിഷയം അബ്ദുൽ ഖയ്യൂം ബുസ്താനിയും ഹജ്‌ജിന്റെ ആത്മാവ് മുനീർ ഫൈസി കാളികാവും അവതരിപ്പിച്ചു. ഹജ്‌ജിന്റെ ചരിത്ര പശ്ചാത്തലം സുഫിയാൻ അബ്ദുൽ സലാമും ഹജ്‌ജിന്റെ മാനവികത ലത്തീഫ് ഓമശേരിയും അവതരിപ്പിച്ചു.

ഹജ്‌ജിന് പുറപ്പെടുന്നവർ അധികൃതരുടെ നിയമങ്ങൾ പൂർണമായി പാലിക്കണം. നിശ്ചിത സമയത്തും സ്‌ഥലത്തും ഹജ്‌ജ് കർമം അനുഷ്ഠിക്കേണ്ടതിനാൽ സുരക്ഷിതമായ ഹജ്‌ജിന് അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ട്. ഹജ്‌ജ് അനുമതി പത്രം ഇല്ലാതെ ഹജ്‌ജ് നിർവഹിക്കരുതെന്നും മുഖാമുഖത്തിൽ പങ്കെടുത്ത പണ്ഡിതർ ഉപദേശിച്ചു.

ഈ വർഷം ഹജ്‌ജ് കർമ്മത്തിനു പുറപ്പെടുന്നവർ പരിപാടിയിൽ പങ്കെടുത്തു. സദസ്യരുടെ സംശയങ്ങൾക്ക് പണ്ഡിതർ മറുപടി നൽകി.

അബ്ദുൽ ഹമീദ് നഹ, സൈനുൽ ആബിദ്, നവാസ് വെളളിമാട്കുന്ന്, മൂസക്കുട്ടി എന്നിവർ സംസാരിച്ചു. ഷഫീഖ് കിനാലൂർ, അർഷദ് മേച്ചേരി, തൽഹത്ത് പൂവച്ചൽ, ഫൈസൽ ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ