നിതാഖാത്ത്: സൗദിയിൽ മൊബൈൽ ഫോൺ കടകളൊഴിഞ്ഞു പ്രവാസികൾ
Sunday, September 4, 2016 11:38 PM IST
റിയാദ്: സൗദി അറേബ്യയിൽ മൊബൈൽ ഫോൺ കടകളിൽ നടപ്പാക്കിയ സമ്പൂർണ സ്വദേശിവത്കരണ (നിതാഖാത്ത്)ത്തിന്റെ ഭാഗമായി മലയാളികളുൾപ്പെടെ തൊഴിലുപേക്ഷിച്ചു മടങ്ങിയത് ആയിരങ്ങൾ. മൊബൈൽ ഫോൺ വിപണന, റിപ്പയറിംഗ് മേഖലയിലാണു ഞായാറാഴ്ച മുതൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കിയത്.

മൊബൈൽ കടകളിൽ ജോലിചെയ്യുന്നവർ, കട നടത്തുന്നവരടക്കം കടകൾക്കു താഴിട്ടു മടങ്ങി. പലരും പുതിയ ജോലിക്കായുള്ള അന്വേഷണത്തിലാണ്. മൊബൈൽ കടകളിൽ നിയമം ലംഘിച്ചു വിദേശികൾ തൊഴിൽ ചെയ്യുന്നതു പിടികൂടാനായി തൊഴിൽ മന്ത്രാലയം ഇന്നലെ മുതൽ പരിശോധന തുടങ്ങി.

സൗദിയിലെ പ്രധാന നഗരങ്ങളായ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽ മാത്രം നൂറുകണക്കിനു കടകളാണ് അടച്ചത്. മൊബൈൽ ഷോപ്പുകളിൽ ഏറെയും മലയാളികൾ തൊഴിലെടുക്കുന്നതോ നടത്തുന്നതോ ആണ്. മലയാളികൾ ഏറെയുളള ജുബൈലിൽ മാത്രം അടച്ചതു നാൽപ്പത് കടകളാണ്.

ജിദ്ദയിലെ ഫലസ്തീൻ സ്ട്രീറ്റിലും ഷറഫിയ്യയിലുമുളള നിരവധി കടകളും അടഞ്ഞു. ഒന്നിലധികം മൊബൈൽ ഫോൺ കടകളുളള മലയാളികൾ ഇവിടെ നിരവധിയാണ്. ദമാമിലെ കിഴക്കൻ പ്രവിശ്യയിലെ പ്രധാന മൊബൈൽ ഫോൺ മാർക്കറ്റിൽനിന്നു മാത്രം നൂറുകണക്കിനു മലയാളികളാണു തൊഴിൽ നഷ്‌ടമായി വീടണഞ്ഞത്. എക്സിറ്റ് വിസയിലും റീ എൻട്രി വിസകളിലുമായി പലരും നാട്ടിലെത്തി. മൊബൈൽ കടകൾ അടച്ചു പൂട്ടാതെ നിവൃത്തിയില്ലെന്നു ജിദ്ദയിലെ ഷറഫിയ്യയിൽ അഞ്ചു മൊബൈൽ കടകൾ നടത്തിയിരുന്ന മലപ്പുറം സ്വദേശി സാലിം പറഞ്ഞു. കടകൾ പൂട്ടുന്നതിലപ്പുറം നിരവധി പേർക്കു തൊഴിൽ നഷ്‌ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

സൗദിയിലെ പ്രധാന നഗരങ്ങൾക്കു പുറമെ അൽകോബാർ, ജുബൈൽ, ഹായിൽ, ഹുഫൂഫ് മേഖലയിലും മലയാളികൾക്കു നിതാഖത്ത് തിരിച്ചടിയായിട്ടുണ്ട്. സമ്പൂർണ സ്വദേശിവത്കരണത്തിനുശേഷം പിടിക്കപ്പെടുന്ന വിദേശികൾക്കെതിരേ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പിടിക്കപ്പെടുന്ന വിദേശിയായ ജീവനക്കാരൻ 20,000 സൗദി റിയാൽ പിഴ നൽകേണ്ടി വരും. ഇവരെ നാടുകടത്തുകയും സൗദിയിലേക്കു പിന്നീടുളള പ്രവേശനം തടയുകയുംചെയ്യും. സൗദിയിൽ പ്രധാന നഗരങ്ങളിലെല്ലാം മെബൈൽ കടകളിൽ തദ്ദേശീയർതന്നെ രംഗത്തെത്തിയിട്ടുണ്ട്.