മൂന്നാം ലിംഗം പൂരിപ്പിക്കാൻ കോളം വേണം: ജർമൻ ഇന്റർസെക്സ് സമൂഹം
Saturday, September 3, 2016 8:27 AM IST
ബർലിൻ: ലിംഗനിർണയം നടത്താൻ സാധിക്കാത്ത ശാരീരികാവസ്‌ഥയിൽ കുട്ടികൾ ജനിക്കുമ്പോൾ, അവരുടെ ജെൻഡർ കോളം പൂരിപ്പിക്കാതെ രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കൾക്ക് ആദ്യമായി അനുമതി നൽകിയ യൂറോപ്യൻ രാജ്യമാണ് ജർമനി. എന്നാൽ, ഇപ്പോൾ രാജ്യത്തെ ഇന്റർ സെക്സ് സമൂഹം ഒരുപടി കൂടി കടന്ന് മറ്റൊരാവശ്യമുന്നയിക്കുന്നു. കോളം ബ്ലാങ്ക് ആയി ഇടാൻ അനുവദിച്ചാൽ പോരാ, ഇന്റർസെക്സ് എന്നു രേഖപ്പെടുത്താൻ മൂന്നാമതൊരു കോളം തന്നെ വേണം എന്നാണ് ഇവരുടെ ആവശ്യം.

പൊതുസ്‌ഥലങ്ങളിലെ ബാത്ത്റൂം ഉപോഗിക്കുമ്പോൾ പുരുഷൻമാരുടേത് വേണോ സ്ത്രീകളുടേതു വേണോ എന്നു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്‌ഥ വിചാരിക്കുന്നതിലേറെ കഠിനമാണെന്ന് ഇവരിലൊരാൾ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെയും പുരുഷൻമാരുടെയും ലൈംഗിക പ്രത്യേകതകൾ പലതും ഒരേ ശരീരത്തിൽ വരുന്നവരാണ് ഇന്റർസെക്സ് എന്നറിയപ്പെടുന്നത്.

ലോകത്താകമാനം 1500ൽ ഒരാൾ വീതം ഇന്റർസെക്സായാണ് ജനിക്കുന്നത് എന്ന് ഔദ്യോഗിക കണക്ക്. ഇവരിൽ പലരും സ്ത്രീകളായി വേഷമിട്ടു നടക്കുകയാണു പതിവ്. ജനിക്കുമ്പോൾ തന്നെ ഇവർ ആണോ പെണ്ണോ എന്ന് മാതാപിതാക്കൾ രേഖപ്പെടുത്തുന്നത് ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമായിരുന്നു. വലുതാകുമ്പോൾ മാനസികാവസ്‌ഥയ്ക്കനുസരിച്ച് ആണാകണോ പെണ്ണാകണോ എന്ന തീരുമാനം അവർക്കു തന്നെ വിടുന്ന തരത്തിലാണ് കോളം ഒഴിച്ചിടാൻ നടപടി സ്വീകരിക്കപ്പെട്ടത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ