ബക്രീദ് അവധി പ്രഖ്യാപിച്ചു
Saturday, September 3, 2016 6:02 AM IST
കുവൈത്ത്: ബലിപെരുന്നാളിന് ഒമ്പതു ദിവസം അവധിയുണ്ടായിരിക്കുമെന്ന് സിവിൽ സർവീസ് കമീഷൻ അറിയിച്ചു. സെപ്റ്റംബർ ഒമ്പതു മുതൽ 17 വരെയായിരിക്കും രാജ്യത്ത് അവധി ദിവസങ്ങൾ. വെള്ളി, ശനി വാരാന്ത്യ അവധിദിനങ്ങളെന്ന നിലയ്ക്കും ഞായർ അറഫാ ദിനം എന്ന നിലയ്ക്കുമാണ് അവധിയെങ്കിൽ തിങ്കൾ മുതൽ ബുധൻ വരെ ദിവസങ്ങളാണ് പെരുന്നാൾ അവധി. പെരുന്നാൾ അവധിക്കും വാരാന്ത്യ അവധിക്കും ഇടയിൽ വരുന്ന വ്യാഴം വിശ്രമദിനം എന്ന ഗണത്തിൽപെടുത്തിയാണ് അവധി ദിനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതെന്നും സിവിൽ കമ്മീഷൻ വിശദീകരിച്ചു.

ഇതുപ്രകാരം സെപ്റ്റംബർ എട്ടിന് (വ്യാഴം) അടയ്ക്കുന്ന രാജ്യത്തെ സർക്കാർ സ്‌ഥാപനങ്ങളും ഓഫീസുകളും ഒമ്പതു ദിവസത്തെ അവധിക്കുശേഷം സെപ്റ്റംബർ 18ന് ഞായറാഴ്ചയായിരിക്കും തുറന്നുപ്രവർത്തിക്കുക.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ