മാൽവേൺ മലയാളികളുടെ ഓണാഘോഷം ജീവകാരുണ്യത്തിന്റെ സന്ദേശവുമായി
Saturday, September 3, 2016 5:56 AM IST
മാൽവേൺ: യുകെയിലെ മുഴുവൻ മലയാളികൾക്കും മാതൃകയായി പത്തു വർഷത്തിലേറെയായി തിരുവോണ നാളിൽ ഓണ സദ്യ ആഘോഷിച്ചു ഓണത്തിന്റെ മാഹാത്മ്യം മക്കളെ പഠിപ്പിച്ച മാൽവേൺ മലയാളികൾ ഇത്തവണയും മറ്റൊരു മഹത്തായ സന്ദേശം ഉയർത്തുന്നു.

പതിവുതെറ്റിക്കാതെ പന്ത്രണ്ടാം തവണയും തിരുവോണനാളിൽ ഓണസദ്യ ഒരുക്കുന്ന മലയാളി സംഘം ഇത്തവണ ഓണസദ്യക്കുവേണ്ടി ചെലവാക്കുന്ന പണത്തിനു തുല്യമായ വിഹിതം ജീവകാരുണ്യത്തിനുവേണ്ടിയും മാറ്റി വയ്ക്കുകയാണെന്നു സംഘാടകരായ ഗിരീഷ് മുകളേൽ കൈപ്പുഴ, സ്റ്റാൻലി ലൂക്കോസ്, മനു ജോൺ, ആൽവിൻ തോമസ്, ജിനോ ജോൺ തുടങ്ങിയവർ അറിയിച്ചു.

യുകെയിലെ മറ്റിടങ്ങളിലെ പോലെ സ്കൂൾ അവധിയോ ജോലി സ്‌ഥലത്തെ പ്രയാസങ്ങളോ നോക്കാതെ തിരുവോണ നാളിൽ മാറ്റം ഇല്ലാതെ ഓണാഘോഷം നടക്കുന്ന അപൂർവം സ്‌ഥലങ്ങളിൽ ഒന്നാണ് മാൽവേൻ. ആഘോഷത്തിന് ഒരു ദശകം മുൻപ് ആരംഭിച്ച സദ്യക്ക് ഇക്കുറിയും അദ്ദേഹം തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

മാൽവേൻ ഓണത്തെ വ്യത്യസ്തമാക്കുന്നത് നാടൻ രീതിയിൽ മാവേലി മന്നനു ചെണ്ട മേളത്തോടെ വരവേല്പും കുട്ടികളും മുതിർന്നവരും ചേർന്ന് തയാറാക്കുന്ന വമ്പൻ പൂക്കളവും നാക്കിലയിൽ ഓണത്തപ്പന് സദ്യയും എല്ലാം ചേർന്ന് ഏറെ പ്രത്യേകതകളോടെയാണ് ഇവിടുത്തെ ഓണാഘോഷം.

യുകെയിലെ ഓണാഘോഷത്തിൽ തന്നെ ഏറ്റവും വമ്പൻ പൂക്കളങ്ങളിൽ ഒന്നാണ് മൽവെനിൽ തയാറാക്കുന്നത്. ഇതിനായി നാളുകൾക്കു മുമ്പേ ചെടികൾ നട്ടു വളർത്തി പൂക്കൾ ശേഖരിക്കുന്നതും ഇവിടുത്തെ പതിവാണ്. കുട്ടിപുലികളും വമ്പൻ പൂക്കളവും എല്ലാം ചേർന്ന് നാടൻ ഓണത്തിന്റെ സകല ചേരുവയും ഒത്തിണക്കിയാണ് മൽവെനിൽ മലയാളികൾ പതിവു തെറ്റാതെ തിരുവോണ നാളിൽ ഇത്തവണയും ആഘോഷം സംഘടിപ്പിക്കുന്നത്. ചെറിയ കൂട്ടായ്മ ആണെങ്കിലും മൽവെൻ മലയാളികളുടെ നിരവധി കൂട്ടുകാരും പതിവു പോലെ ആഘോഷത്തിൽ പങ്കാളികളാകും.

വിവരങ്ങൾക്ക്: മോൻസി ഏബ്രഹാം 07427408860.