റസിഡൻസ് പെർമിറ്റ് മാനദണ്ഡങ്ങൾ കൂടുതൽ കർക്കശമാക്കാൻ ഡെൻമാർക്ക്
Thursday, September 1, 2016 8:01 AM IST
കോപ്പൻഹേഗൻ: കുടിയേറ്റ നയങ്ങൾ കൂടുതൽ കടുപ്പത്തിലാക്കാനും റെസിഡൻസ് പെർമിറ്റിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർക്കശമാക്കാനും ഡെൻമാർക്ക് സർക്കാർ തീരുമാനിച്ചു. 2025 വരെ സമയമെടുത്ത് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന വിശദമായ കുടിയേറ്റ നയമാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.

അർഹരായവർക്ക് രാജ്യത്തിന്റെ അതിർത്തികൾ തുറന്നിട്ടു കൊടുക്കുകയും അനർഹർക്കു മുന്നിൽ കൊട്ടിയടയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നയം പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ ആറു വർഷം ഡെൻമാർക്കിൽ താമസിച്ചവർക്കാണ് റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കാൻ സാധിക്കുക. ഇത് എട്ടു വർഷമാക്കാനാണ് തീരുമാനം. ഈ വർഷം ആദ്യം വരെ ഇത് അഞ്ചു വർഷം മാത്രമായിരുന്നു. അവസാന നാലു വർഷത്തിനിടെ മൂന്നര വർഷം ജോലിയുണ്ടായിരുന്നവരെ മാത്രമേ ഇതിനു പരിഗണിക്കൂ. മുമ്പ് ഇതു രണ്ടര വർഷമായിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ