രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രസംഗ പരിശീലന കളരിക്കു തുടക്കമായി
Thursday, September 1, 2016 5:56 AM IST
ജിദ്ദ: സ്വാതന്ത്ര്യസമര സേനാനിയും മുൻ കെപിസിസി പ്രസിഡന്റുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പ്രവർത്തന ശൈലി അനുകരിച്ചുകൊണ്ട് ജിദ്ദയിലെ രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രസംഗ പരിശീലന കളരിക്കും വ്യക്‌തിത്വ വികസന ട്രെയിനിംഗ് പരിപാടികൾക്കും തുടക്കം കുറിച്ചു.

അബ്ദുറഹ്മാൻ സാഹിബിന്റെ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ജിദ്ദയിലെ രാജീവ് യൂത്ത് ഫൗണ്ടേഷൻ ആവിഷ്കരിച്ചു നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് പ്രസംഗ പരിശീലന കളരിക്കു തുടക്കം കുറിച്ചത്.

വിദ്യാസമ്പന്നരായ യുവാക്കളുടെ എണ്ണം രാജ്യത്തു വളരെ കൂടുതലായിട്ടുണ്ടെങ്കിലും മുൻ കാലങ്ങളിലെ അപേക്ഷിച്ച് പൊതുരംഗത്ത് അവരുടെ സാന്നിധ്യം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന വസ്തുത കണക്കിലെടുത്താണ് ജിദ്ദയിലെ രാജീവ് യൂത്ത് ഫൗണ്ടേഷൻ നൂതന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. പരമാവതി ഇരുപതു പേരെ യാണ് ഒരു ബാച്ചിൽ പരിശീലിപ്പിക്കുക.

പ്രസംഗ പരിശീലന കളരിയുടെ ഉദ്ഘാടനം ഒഐസിസി സീനിയർ നേതാവും ജിദ്ദയിലെ അറിയപ്പെടുന്ന വാഗ്മിയുമായ എ.പി. കുഞ്ഞാലി ഹാജി നിർവഹിച്ചു. കെ.സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജിദ്ദ ചാപ്റ്റർ ചെയർമാൻ കെ.സി. അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ കാവുങ്ങൽ, പി.പി. ആലിപ്പു, ഹക്കീം പാറക്കൽ, ശരീഫ് അറക്കൽ, മുസ്തഫ തൃത്താല, ജമാൽ നാസർ, യു.എം. ഹുസൈൻ, നൗഷാദ് ചാലിയാർ, അഷ്കർ കാളികാവ്, മജീദ് കിളിയെങ്ങിൽ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ