വോളന്റിയർ സേവനം ഒരു വിശ്വാസിക്കു ലഭിക്കുന്ന ഏറ്റവും വലിയ സുവർണാവസരം
Thursday, September 1, 2016 5:56 AM IST
ജിദ്ദ: ജിദ്ദ, മക്ക, മദീന പ്രവിശ്യകളിലുള്ളവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒരു സുവർണാവസരമാണ് അല്ലാഹുവിന്റെ അതിഥികളെ സേവിക്കാൻ ലഭിക്കുന്ന ഈ അവസരമെന്നു ജിദ്ദ ഹജ്‌ജ് വെൽഫെയർ ഫോറത്തോടൊപ്പം ഹാജിമാരുടെ സേവനത്തിനിറങ്ങുന്ന ഐഡിസി വോളന്റിയർമാർക്ക് നൽകിയ പരിശീലനക്കളരിയിൽ വോളന്റിയർമാരെ അഭിസംബോധന ചെയ്തു സംസാരിച്ച ജിദ്ദ ഹജ്‌ജ് വെൽഫെയർ ഫോറം സെക്രട്ടറി അൻഷാദ് മാസ്റ്റർ പറഞ്ഞു.

വോളന്റിയർമാർ എടുക്കേണ്ട മുൻ കരുതലുകൾ, സേവന രംഗത്തു പാലിക്കേണ്ട സൂഷ്മതകൾ എന്നിവ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഹജ്‌ജിന്റെ മാഷാഇറുകളെയും മിനയിലെ സേവന മേഖലയും പ്രത്യേക സുരക്ഷ ആവശ്യമുള്ള പ്രദേശങ്ങളും മാപ്പിന്റെ സഹായത്തോടെ വെൽഫെയർ ഫോറം പിആർഒ നാസർ ചാവക്കാട് വിശദീകരിച്ചു. ഹാജിമാരെ തിരിച്ചറിയാനുള്ള മാർക്കുകളും മിനായിലെ വിവിധ റോഡുകൾ പാലങ്ങൾ ആശുപത്രികൾ എന്നിവ കണ്ടെത്താനുള്ള പ്രായോഗിക പരിശീലനവും വോളന്റിയർമാർക്കു നൽകി. ഐഡിസി ജനറൽ സെക്രട്ടറി അബു കിഴിശേരി, ശാക്കിർ കുഴിമണ്ണ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ