മെർക്കലിന്റെ ചാൻസലർ സ്‌ഥാനാർത്ഥിത്വം: തീരുമാനം അടുത്തവർഷമാദ്യം
Saturday, August 27, 2016 8:41 AM IST
ബർലിൻ: ഒരുവട്ടംകൂടി ജർമനിയുടെ ചാൻസലർ ആകുമോ എന്നുള്ള കാര്യത്തിന് 2017 വരെ കാത്തിരിക്കണമെന്നു ആംഗല മെർക്കൽ. തന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച ഊപോഹങ്ങൾക്ക് മുറപടി പറയുകയായിരുന്നു മെർക്കൽ.

ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന്റെ (സിഡിയു)അധ്യക്ഷകൂടിയായ മെർക്കൽ ഇതു മൂന്നാംതവണയാണ് ചാൻസലറായി ഭരണം നടത്തുന്നത്. ഇപ്പോൾ ഭരണത്തിലുള്ള വിശാലമുന്നണി കൂട്ടുകെട്ടിലെ കക്ഷികൾ സിഡിയുവിനെ പുറമെ സിഡിയുവിന്റെ സഹോദരപാർട്ടിയായ ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയനും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി(എസ്പിഡി)യുമാണ്.

എന്നാൽ മെർക്കലിന്റെ അഭയാർഥി നയത്തിനെതിരെ ഏറെ വിമർശനവും രോഷവും ഉയർത്തി അടുത്ത തവണ മെർക്കലിന്റെ സ്‌ഥാനാർഥിത്വത്തെ പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ച സിഎസ്യു അധ്യക്ഷൻ ഹോർസ്റ്റ് സീഹോഫറിന്റെ നിലപാടുകൾ കണക്കിലെടുത്താണ് മെർക്കലിന്റെ ഇപ്പോഴത്തെ തീരുമാനം. ഇതിനിടെ ഇടഞ്ഞു നിൽക്കുന്ന സിഎസ്യുവിന്റെ പിൻബലമില്ലാതെ മെർക്കലിന് അടുത്തതവണ അധികാരത്തിലേറാൻ ഗ്രീൻ പാർട്ടിയുമായി രഹസ്യചർച്ചയും ഭാവിയിൽ കരുനീക്കങ്ങളും ഉണ്ടാവുമെന്നും എന്നുമുള്ള മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കെ മെർക്കൽ നാലാമൂഴവും ഭരണത്തിലേറുമെന്നുള്ള സൂചനയാണ് നൽകുന്നത്.

2005 മുതൽ ജർമനിയുടെ ചാൻസലറായി ഭരണത്തിലേറുന്ന ആദ്യവനിതയെന്ന വിശേഷണത്തിനുപരി യൂറോപ്യൻ യൂണിയന്റെയും ലോകത്തിലെയും ചോദ്യംചെയ്യപ്പെടാത്ത വ്യക്‌തിത്വമായി തിളങ്ങുന്ന മെർക്കലിന്റെ അഭയാർഥികളോടുള്ള സമീപനം ഏറെ ഒച്ചപ്പാടുണ്ടാക്കിയത് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജർമനിയിൽ നടപ്പാക്കിയ പുതിയ അഭയാർഥി നയം ജർമനിയിലെ സാധാരണക്കാരുടെ സ്വൈര്യജീവിതത്തെ ഏറെ ബാധിച്ചത് അടുത്ത തെരഞ്ഞെടുപ്പിൽ മെർക്കലിന് തിരിച്ചടിയാവുമോ എന്ന സംശയവും സിഡിയുവിന് ഇല്ലാതില്ല. എന്നാൽ നിലവിൽ സിഡിയുവിനു തന്നെയാണ് ഏറ്റവും കൂടിയ ജനപിന്തുണ. സിഡിയുവിനെതിരെ ശക്‌തമാവുന്ന എഎഫ്ഡി ഒരുപക്ഷെ അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ അംഗങ്ങളെ പാർലമെന്റിൽ എത്തിച്ചേക്കുമെങ്കിലും അധികാരത്തിലെത്തില്ലാന്നാണ് കരുതപ്പെടുന്നത്.

ഇനിയിപ്പോൾ മെർക്കലിന്റെ സിഡിയു ഗ്രീൻപാർട്ടി, എഫ്ഡിപി എന്നിവരുമായുള്ള ചങ്ങാത്തത്തിൽ കൂടുതൽ പുഷ്ടിപ്പെട്ടാൽ മെർക്കൽ വീണ്ടും അധികാരത്തിൽ എത്തും. തന്നെയുമല്ല മെർക്കലിനു പകരം വയ്ക്കാൻ മറ്റൊരു നേതാവ് ഉയർന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

2017 ഓഗസ്റ്റിലാവും ജർമനിയിൽ പൊതുതെരഞ്ഞെടുപ്പു നടക്കുക.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ