ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി–20; ക്രിക്കറ്റ് പ്രേമികൾ ആകാംഷയിൽ
Saturday, August 27, 2016 6:35 AM IST
ഫോർട്ട് ലോഡർ ഡെയിൽ: ലോകോത്തര ക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഫ്ളോറിഡായിൽ ട്വന്റി–20 മത്സരത്തിനു തയാറെടുക്കുന്നു. അമേരിക്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഇന്റർ നാഷണൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയൊരുങ്ങുന്നത് ഫോർട്ട് ലോഡർ ഡെയിൽ സെൻട്രൽ ബ്രോ വാർഡ് റീജണൽ പാർക്കിലാണ്.

ഓഗസ്റ്റ് 27, 28 (ശനി, ഞായർ) ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കുളള ടിക്കറ്റുകൾ മുഴുവൻ വിറ്റുകഴിഞ്ഞതായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു. 15,000 പേർക്കു കളി ആസ്വദിക്കുന്നതിന് 75 ഡോളർ മുതൽ 250 ഡോളർ വരെയാണ് ടിക്കറ്റ് ഫീ ഈടാക്കിയിരിക്കുന്നത്.

അമേരിക്കയിൽ വേൾഡ് ക്ലാസ് ക്രിക്കറ്റിനുളള അവസരം വളരെ പരിമിതമാണ്. ക്രിക്കറ്റിൽ ഇതുവരെ യുവത്വത്തിലേക്ക് പ്രവേശിക്കാത്ത അമേരിക്കയിൽ ക്രിക്കറ്റ് ആസ്വാദകരുടെ എണ്ണം വർധിച്ചു വരുന്നുണ്ട്.

ധോണിയുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ഇന്ത്യൻ ടീം കാർലോസ് ബ്രത്ത് വെയ്റ്റിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസ് ടീമിനെയാണ് നേരിടുന്നത്. സ്വന്തം നാട്ടിൽ നടന്ന ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയോട് പരാജയപ്പെട്ട വെസ്റ്റിൻഡീസിനു മുഖം രക്ഷിക്കണമെങ്കിൽ ട്വന്റി–20 ൽ ജയിക്കേണ്ടത് അനിവാര്യമാണ്.

തീപാറുന്ന പോരാട്ടം കാണുന്നതിന് അമേരിക്കയിലെ പ്രവാസി സമൂഹവും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ