എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മുഴുവൻ യൂറോപ്യൻ പൗരൻമാർക്കും സൗജന്യ ബ്രിട്ടീഷ് പൗരത്വം നൽകണം
Friday, August 26, 2016 8:19 AM IST
ലണ്ടൻ: ബ്രെക്സിറ്റിന്റെ ഫലമായി യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് ബ്രിട്ടനിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകരുതെന്ന് പബ്ലിക് പോളിസി റിസർച്ച്.

എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മുഴുവൻ യൂറോപ്യൻ പൗരൻമാർക്കും സൗജന്യമായി ബ്രിട്ടീഷ് പൗരത്വം നൽകണം. ഇത്തരത്തിൽ 57,000 പേരാണുള്ളത്. ഇവർ ബ്രിട്ടൻ വിട്ടു പോയാൽ എൻഎച്ച്എസിന്റെ തകർച്ച തന്നെയായിരിക്കും ഫലമെന്നും മുന്നറിയിപ്പിൽ പറയുന്നു.

1200 പൗണ്ടാണ് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഫീസ്. ഇത്രയും തുക മുടക്കി പൗരത്വം നേടാൻ എല്ലാവരും ശ്രമിക്കണമെന്നില്ല. അതിനാൽ അനിവാര്യ സേവനങ്ങളിലുള്ളവർക്ക് ഇതു സൗജന്യമായി തന്നെ നൽകണമെന്നാണ് പിപിആർ നിർദേശിക്കുന്നത്.

എന്നാൽ, യൂറോപ്പിനുള്ളിൽനിന്നുള്ള കുടിയേറ്റം ഗണ്യമായി കുറയ്ക്കാൻ പ്രധാനമന്ത്രി തെരേസ മേയ്ക്കു മേൽ സമ്മർദം കൂടി വരുകയാണ്. 3,27,000 ആണിപ്പോൾ രാജ്യത്തെ നെറ്റ് മൈഗ്രേഷൻ. എൻഎച്ച്എസിൽ ജോലിചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം ആകെയുള്ളതിന്റെ പത്തു ശതമാനത്തോളം വരും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ