ജിസിഎസ്ഇ ഫലം: യുകെയിൽ മലയാളി കുട്ടികൾക്ക് ഉജ്‌ജ്വല വിജയം
Friday, August 26, 2016 7:39 AM IST
ന്യൂകാസിൽ: ഈ വർഷത്തെ ജിസിഎസ്ഇ പരീക്ഷാ ഫലം ആകാംഷയോടെ കാത്തിരുന്ന യുകെയിലെ ആയിരക്കണക്കിനു വിദ്യാർഥികളിൽ ഏറ്റവും തിളക്കമുള്ള വിജയങ്ങളിലൊന്ന് കരസ്‌ഥമാക്കിയാണ് അപർണ ബിജു താരമായത്. എല്ലാ വിഷയത്തിനും എ സ്റ്റാർ, അഡീഷണലായി എടുത്ത മാത്തമാറ്റിക്സിന് എ യും കരസ്‌ഥമാക്കിയ ഈ കൊച്ചു മിടുക്കി പെയിറ്റ്സ് ഗ്രാമർ സ്കൂളിൽ നിന്നാണ് ഉജ്‌ജ്വല വിജയം കരസ്‌ഥമാക്കിയത്. ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റും ഹെർഫോർഡ് ഹോസ്പിറ്റലിൽ അനസ്തറ്റിസ്റ്റ് കൺസൾട്ടന്റുമായ ഡോ. ബിജു പെരിങ്ങത്തറയുടെയും ഓക്സ്ഫോർഡ് ഹോസ്പിറ്റലിൽ സൈക്യാട്രിസ്റ്റ് ആയി ജോലി നോക്കുന്ന ഡോ. മായ ബിജുവിന്റെയും മൂന്നു മക്കളിൽ മൂത്തവളാണ് അപർണ. സഹോദരി ലക്ഷ്മിയും സഹോദരൻ ഋഷികേശും ഇതേ സ്കൂളിലെ വിദ്യാർഥികളാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പരിശീലനം അഭ്യസിച്ച തന്റെ മാതാപിതാക്കളുടെ പാത പിൻ തുടർന്നു അവിടെ തന്നെ മെഡിസിനു ചേരണമെന്നാണ് അപർണയുടെ ആഗ്രഹവും.

<ആ>അലന് ഇതു അഭിമാന വിജയം

യുകെ മലയാളികൾക്കും പ്രേത്യേകിച്ച് ഡോർസൈറ്റ് മലയാളികൾക്കും ഏറെ അഭിമാനമാവുകയാണ് അലൻ ഫിലിപ്പ്. ഡോർസൈറ്റിലെ ബോൺമൗത്തിൽ താമസിക്കുന്ന തോമസ് ഫിലിപ്പിന്റേയും മരിയ ചുമ്മാറിന്റെയും ഏക മകൻ കരസ്‌ഥമാക്കിയത് ഉന്നത വിജയം. ഫർതർ മാത്തമാറ്റിക്സിന് എ ഹാറ്റും മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാറും സ്വന്തമാക്കിയാണ് അലന്റെ ജൈത്രയാത്ര.

പൊളിറ്റിക്സ് ഇഷ്‌ട വിഷയമായ അലന്റെ നോട്ടം ലോകത്തിലെ തന്നെ പ്രമുഖ യൂണിവേഴ്സിറ്റിയായ ഓസ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്കാണ്. ബോൺമൗത്തിലെ തന്നെ സെന്റ് പീറ്റേഴ്സ് സ്കൂളിൽ പഠിക്കുന്ന അലൻ പഠനത്തിലെന്നപോലെ തന്നെ പഠ്യേതര വിഷയങ്ങളിലും മുൻപന്തിയിലാണ്. സെന്റ് പീറ്റേഴ്സ് സ്കൂളിന്റെ തന്നെ ബാർ മോക്ക് ട്രയൽ ടീമിൽ വർഷങ്ങളായി അംഗമായുള്ള അലൻ ഉൾപ്പെടുന്ന ടീമിന് യുകെയിൽ നിന്നും നവംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഇന്റർനാഷണൽ എംപയർ ബാർ മോക്ക് ട്രയൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് സെലക്ഷൻ കിട്ടിയിട്ടുണ്ട്.

മികച്ച ഗായകൻ കൂടിയായ അലൻ മലയാളത്തിലും തമിഴിലും ഹിന്ദിയിലും ആംഗലേയത്തിലും ഒരുപോലെ തന്റെ പ്രാവീണ്യം തെളിയിക്കുന്നുണ്ട്. സംഗീതത്തിൽ മാത്രമല്ല അഭിനയരംഗത്തും അലൻ തന്റെ വ്യക്‌തി പ്രഭാവം തെളിയിച്ചിട്ടുണ്ട്. സ്കൂളിന്റെ പ്രധാന ഡ്രാമ ടീമിൽ അംഗമായ അലൻ സ്കൂൾ ഡ്രാമയിൽ വളരെ പ്രധാനപ്പെട്ട വേഷമാണ് കൈകാര്യം ചെയ്തു പോരുന്നത്. വളരെ ചെറുപ്പത്തിലേ തന്നെ കരാട്ടെയിൽ ബൽക്ക് ബെൽറ്റ് നേടിയിട്ടുള്ള അലന് എല്ലാക്കാര്യത്തിനും പൂർണ പിന്തുണ മാതാപിതാക്കളാണ്.

ഡോർസൈറ്റ് മലയാളി അസോസിയേഷൻ അംഗവും മുൻ പ്രസിഡന്റ് കൂടിയുമായ തോമസ് ഫിലിപ്പിന്റെ മകനാണ് അലൻ. യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ, സെക്രെട്ടറി സജീഷ് ടോം, സൗത്ത് വെസ്റ്റ് റീജൺ പ്രസിഡന്റ് സുജു ജോസഫ്, സെക്രെട്ടറി കെ.എസ്. ജോൺസൺ തുടങ്ങിയവർ അഭിനന്ദിച്ചു.

പ്രസ്റ്റണിനടുത്ത് ചോർളിയിൽ താമസിക്കുന്ന പുളിങ്കുന്ന് കാനാശേരിൽ സിന്നി ജേക്കബ് സിനി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവളാണ് ജാസിൻ ഫിലിപ്പ്. എട്ട് എ സ്റ്റാറും രണ്ട് എയും ഒരു ബിയും നേടിയാണ് മികച്ച വിജയം കരസ്‌ഥമാക്കിയത്. ഹോളി ക്രോസ് കാത്തലിക് ഹൈസ്കൂളിൽ നിന്നുമാണ് ജാസിൻ വിജയം നേടിയത്. സയൻസ് മുഖ്യവിഷയമായെടുത്ത് മെഡിസിന് ചേരാൻ ആഗ്രഹിക്കുന്ന ജാസിൻ റൺഷോ കോളജിൽ എൻറോൾ ചെയ്തു. സഹോദരൻ ജസ്വിൻ പത്തിൽ പഠിക്കുന്നു. സിന്നിയും കുടുംബവും ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ അസോസിയേഷന്റെ സജീവ പ്രവർത്തകരാണ്.

<ആ>11 എ സ്റ്റാറുമായി അലൻ ബേബിയും അനക്സ് വിൽസണും

സൗത്തെൻഡ് ഓൺ സിയിൽ താമസിക്കുന്ന അലൻ ബേബിക്ക് ജിസിഎസ്സി പരീക്ഷയിൽ ഉന്നത വിജയം. സൗത്ത് ഏൻഡ് ബോയ്സ് ഗ്രാമർ സ്കൂൾ സ്കൂൾ വിദ്യാർഥി ആണ് അലൻ. ഒരു എ സ്റ്റാർ വിത്ത് ഡിസ്റ്റിംഗ്ഷൻ. 10 എ സ്റ്റാർസ് രണ്ട് എ യും നേടിയാണ് അലൻ മികച്ച വിജയം കരസ്‌ഥമാക്കിയത്. സൗത്ത് ഏൻഡ് എയർ പോർട്ടിൽ ജോലി ചെയ്യുന്ന കോട്ടയം വൈക്കം വെള്ളൂർ സ്വദേശിയായ ബേബി ജേക്കബിന്റെയും സൗത്തെൻഡ് ഹോസ്പിറ്റലിൽ നഴ്സായ ലിസിയുടെയും മകനാണ് അലൻ. ബേബി സൗത്തെൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റാണ്.

<ആ>അനക്സ് വിൽസൺ 11 എ സ്റ്റാറും ഒരു എയും നേടി

നോർത്താംപ്ടണിലെ അനക്സ് വിൽസൺ 11 എ സ്റ്റാറും ഒരു എയും നേടി തിളക്കമാർന്ന വിജയം നേടി. നോർത്താംപ്ടണിലെ തോമസ് ബെക്കറ്റ് സ്കൂളിൽ പഠിക്കുന്ന അനക്സിന് മാത്സ്, ഫർതർ മാക്സ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് ലിറ്ററേറ്റർ, ഇംഗ്ലീഷ് ലാംഗ്വേജ് ബിസിനസ് സ്റ്റഡീസ്, ജോഗ്രഫി, റിലിജിയസ് സ്റ്റഡീസ്, ഹിസ്റ്ററി വിഷയങ്ങൾക്കാണ് എ സ്റ്റാർ ലഭിച്ചത്. സ്പാനിഷിന് എ ഗ്രേഡും ലഭിച്ചു. തൃശൂർ സ്വദേശികളായ വിൽസൺ ഔസേപ്പ് –മാരീസ് ദമ്പതികളുടെ മകനാണ് അനക്സ്.

<ആ>ഒമ്പത് നക്ഷത്ര തിളക്കവുമായി ഗിലി ഗിസണും നിമിഷ ഷാജിയും

ഒൻപത് എ സ്റ്റാറുകളുമായി തിളക്കമേറിയ വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് ഗിലി ഗിസണും നിമിഷ ഷാജിയും. ഒൻപത് എ സ്റ്റാറിനു പുറമേ മൂന്നു എയും ഗിലിയുടെ അക്കൗണ്ടിലുണ്ട്. പീറ്റേഴ്സ്ഫീൽഡ് സ്കൂളിലായിരുന്നു ഗിലിയുടെ പഠനം. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്സ് എന്നിവയെടുത്ത് ഹാവന്ത് കോളജിൽ എ ലെവലിനു ചേരാനാണ് ഈ മിടുക്കിക്കു താത്പര്യം. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ജിസിഎസ്ഇ മാത്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, കംപ്യൂട്ടിംഗ്, ഹിസ്റ്ററി, ഐസിടി നാഷണൽസ് എന്നിവയിലാണ് ഗിലിക്ക് എ സ്റ്റാർ ലഭിച്ചത്. അങ്കമാലി, മൂക്കന്നൂർ സ്വദേശിയായ ഗിസൺ സെബാസ്റ്റ്യൻ പൗളി –ഗിസൺ ദമ്പതികളുടെ മകളാണ് ഗിലി. ഹാവന്ത് കോളജ് വിദ്യാർഥിനിയായ ഗെയ്ൻ സഹോദരിയാണ്.

ഒമ്പത് എ സ്റ്റാറുമായി സ്റ്റോക്പോർട്ടിലെ മലയാളിക്കുട്ടികൾക്കിടയിലെ തിളങ്ങുന്ന താരമായിരിക്കുകയാണ് നിമിഷ ഷാജി. മാത്സ്, ഫർതർ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഗ്രാഫിക്സ്, ഇംഗ്ലീഷ് സാഹിത്യം, ഫ്രഞ്ച് എന്നിവയിലാണ് നിമിഷക്ക് എ സ്റ്റാർ ലഭിച്ചത്. കൂടാതെ ഇംഗ്ലീഷ് ഭാഷ, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിൽ എ നേടാനും നിമിഷയ്ക്കായി. സ്റ്റോക് പോർട്ടിലെ ബ്രംഹാൾ ഹൈസ്കൂളിലായിരുന്നു പഠനം. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന എറണാകുളം രാമമംഗലം സ്വദേശിയായ ഷാജി ജോസഫിന്റെയും സാറാമ്മയുടെയും മകളാണ് നിമിഷ. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ നികിത സഹോദരിയാണ്.

<ആ>ഐലിൻ ആന്റോ ബെർക്കിൻഹെഡിലെ ഹീറോ

ജിസിഎസ്ഇയിൽ ആറ് എ പ്ലസും നാല് എയും നേടി ഐലിൻ ആന്റോ ബെർക്കിൻ ഹെഡ് മലയാളി സമൂഹത്തിന്റെ ഹീറോയായി. തനിക്ക് ഉന്നത വിജയം നേടിത്തന്ന ബിബിംഗ്ടോൺ കാത്തലിക് കോളജിൽത്തന്നെ ഉപരിപഠനം നടത്താനാണ് ഐലിനു താൽപര്യം. ഭാവിയിൽ ഡോക്ടറായി സർജറിയിൽ സ്പെഷലൈസ് ചെയ്യണമെന്നാണ് ആഗ്രഹം. പഠനത്തിലെ മികവിനുപുറമേ നല്ലൊരു ഡാൻസർ കൂടിയാണ് ഐലിൻ. ബോളിവുഡ് ഡാൻസും ഫോൾക്ക് ഡാൻസും ഏറെ ഇഷ്‌ടപ്പെടുന്ന ഐലിന്റെ കലാമികവിനു യുക്മ ഉൾപെടെയുള്ള അസോസിയേഷനുകളുടെ പുരസ്കാരങ്ങൾ തന്നെ സാക്ഷ്യം.

കോടഞ്ചേരിയിൽനിന്ന് ബെർക്കിൻ ഹെഡിലേക്കു കുടിയേറിയ കോടഞ്ചേരി വിളകുന്നേൽ ആന്റോയുടെയും സോഫിയുടെയും മകളാണ് ഐലിൻ. ഒരു സഹോദരനുണ്ട്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശക അംഗംകൂടിയാണ് ആന്റോ ജോസ്.

<ആ>ടോമിച്ചൻ കൊഴുവനാലിന്റെ മകൾ ഏയ്ഞ്ചലിൻ

പ്രവാസി കേരള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും പത്രപ്രവർത്തകനുമായ ടോമിച്ചൻ കൊഴുവനാലിന്റെ മകൾ എയ്ഞ്ചലിൻ അഗസ്റ്റിൻ ജിസിഎസ്ഇ പരീക്ഷയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഏഴു വിഷയങ്ങളിൽ എ സ്റ്റാറും രണ്ടു വിഷയങ്ങളിൽ എയും നേടിയാണ് ഏയ്ഞ്ചലിൻ മികച്ച വിജയം സ്വന്തമാക്കിയത്. കോട്ടയം ജില്ലയിലെ പാലാ കൊഴുവനാൽ സ്വദേശിയാണ് ടോമിച്ചൻ. റെനിമോളാണ് ഏയഞ്ചലിന്റെ മാതാവ്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ലിറ്ററേച്ചർ, കംപ്യൂട്ടർ, ഇറ്റാലിയൻ ആൻഡ് റിലീജിയസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് എ സ്റ്റാർ നേടിയത്. മാത്തമാറ്റിക്സിലും ഗ്രാഫിക് ഡിസൈനിലും എ നേടി.

പഠനരംഗത്തു മാത്രമല്ല കലാപരമായും എയ്ഞ്ചലിൻ കഴിവു തെളിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടാലന്റ് ഷോയിലും വോക്കിംഗ് മലയാളി അസോസിയേഷൻ, യുക്മ തുടങ്ങിയ സംഘടനകളുടെ പരിപാടികളിലും പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. യുക്മ രാജ്യവ്യാപകമായി സംഘടിപ്പിച്ച ലേഖനമെഴുത്ത് മത്സരത്തിൽ ഒന്നാം സ്‌ഥാനം എയ്ഞ്ചലിനായിരുന്നു. സറൈ സ്കൂൾ ടാലന്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സഹോദരി എമിലിൻ അഗസ്റ്റിൻ സലേഷ്യൻ സ്കൂൾ വിദ്യാർഥിയും സഹോദരൻ ബെൻ അഗസ്റ്റിൻ ദി മാരിസ്റ്റ് സ്കൂൾ വെസ്റ്റ് ബൈഫൽറ്റിൽ വിദ്യാർഥിയുമാണ്.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ