ജിദ്ദ രാജീവ് യൂത്ത് ഫൗണ്ടേഷൻ സദ്ഭാവന ദിനം ആചരിച്ചു
Thursday, August 25, 2016 6:48 AM IST
ജിദ്ദ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20നു രാജീവ് യൂത്ത് ഫൗണ്ടേഷൻ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടികൾ വ്യത്യസ്തത പുലർത്തി. രാജീവ് ഗാന്ധിയുടെ പ്രസംഗങ്ങളിലെ പ്രസക്‌ത ഭാഗങ്ങൾ അപഗ്രഥിച്ചുകൊണ്ട് ഇന്നിന്റെ ലോകത്തേയും ഇന്ത്യയേയും വിലയിരുത്തുന്ന പരിപാടി ഒരു ശില്പശാലയായി മാറി.

രാജീവ് ഗാന്ധിയുടെ വിഖ്യാത പ്രസംഗങ്ങളിലെ ഉദ്ദരണികളുടെ പൊരുളിനും പ്രായോഗികതക്കും മാറിയ ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്‌തി ഏറി വരികയാണെന്നു പുതു തലമുറയിലെ പ്രാസംഗികർ അഭിപ്രായപ്പെട്ടു.

സഹസ്രാബ്ദങ്ങളുടെ ചരിത്ര പാരമ്പര്യമുള്ള ഇന്ത്യയിലെ യുവാക്കൾ വികസനവും മാറ്റവും ആഗ്രഹിക്കുന്നവരാണ്. മാനവരാശിക്ക് സേവനം ചെയ്യുന്നതിൽ ലോകത്തിനു മാതൃകയായി എല്ലാവരുടെയും മുന്നിൽ നിന്നുകൊണ്ടു നയിക്കുന്ന, ശക്‌തവും സ്വതന്ത്രവും സ്വയം പര്യാപ്തതയുമുള്ള ഒരു വികസിത ഇന്ത്യയാണ് തന്റെ സ്വപ്നമെന്നു പ്രഖ്യാപിച്ച രാജീവിന്റെ സ്വപ്ന സാക്ഷാത്കാരം ഇന്ത്യൻ യുവതയുടെ കർത്തവ്യമാണെന്നു പ്രസംഗകർ സമർഥിച്ചു. ശക്‌തമായ ജനാധിപത്യ ബോധവും കളങ്കമില്ലാത്ത മതേതര മൂല്യവും ഉയർത്തിപ്പിടിച്ചതാണ് ഇന്ത്യയെ ലോകരാഷ്ര്‌ടങ്ങളുടെ ഇടയിൽ തലഉയർത്തി നില്ക്കാൻ പ്രാപ്തരാക്കുന്നത്. അതിനു കോട്ടംതട്ടുന്നതൊന്നും അനിവാദിച്ചുകൂടാ. പ്രാസംഗികർ ചൂണ്ടിക്കാട്ടി.

ശരീഫ് അറയ്ക്കൽ ഉദ്ഘടനം ചെയ്തു. രാജേഷ് പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. സകീർ അലി കണ്ണേത്ത്, സിറാജ് വേങ്ങര, ഷൗക്കത്ത് പരപ്പനങ്ങാടി, ഉണ്ണി തെക്കേടത്ത്, ഷിബിൻ തോമസ്, മജീദ്,അഷ്കർ അലി, ഹുസൈൻ പാറാടി, അബ്ദുറസാഖ് തുടങ്ങിയവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ