കാമ്പസിൽ കൺസീൽഡ് ഗൺ: വിദ്യാർഥികളുടെ പ്രതിഷേധം ഇരമ്പി
Thursday, August 25, 2016 6:43 AM IST
ഓസ്റ്റിൻ: ഓസ്റ്റിൻ യൂണിവേഴ്സിറ്റി കാമ്പസിലും ക്ലാസ് മുറികളിലും കൺസീൽഡ് ഗൺ കൊണ്ടുവരുന്നതിനു അനുമതി നൽകിയതിൽ പ്രതിഷേധിച്ച് കോളജ് തുറന്നദിവസം തന്നെ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.

ഓഗസ്റ്റ് ഒന്നു മുതൽ നിലവിൽവന്ന കൺസീൽഡ് ഗൺ ക്യാരി നിയമത്തിനെതിരെയാണ് വിദ്യാർഥികൾ റാലി നടത്തിയത്. നിയമം ആരേയും സംരക്ഷിക്കുകയില്ലെന്നും ഇതു തികച്ചും വിഡിത്തമാണെന്നുമാണ് പ്രകടനത്തിനു നേതൃത്വം നൽകിയ ജെസിക്ക ജിൻ എന്ന വിദ്യാർഥി പറഞ്ഞു. പ്രതിഷേധ സൂചകമായി എല്ലാവരുടേയും ബാഗിനു വെളിയിൽ ടോയ്സ് തൂക്കിയിട്ടിരുന്നു.

അതേസമയം റാലി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പരിശീലനം ലഭിച്ച പോലീസിനെ സ്‌ഥലത്തു വിന്യസിച്ചിരുന്നു. ഗൺ നിയമത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം വിദ്യാർഥികൾ നിശബ്ദത പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

നിയമം സംബന്ധിച്ച് യൂണിവേഴ്സിറ്റി അധികൃതർ കൈമലർത്തി. സംസ്‌ഥാന ഗവൺമെന്റ് അംഗീകരിച്ചതോടെ നിയമം നടപ്പാക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു യൂണിവേഴ്സിറ്റി അധികൃതകർ പറഞ്ഞു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ