നാലു മണിക്കൂർകൊണ്ട് തട്ടിച്ചെടുത്തത് രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളർ
Thursday, August 25, 2016 6:42 AM IST
ടെക്സസ്: രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളർ മൂല്യമുള്ള വസ്തുക്കൾ അടിച്ചുമാറ്റാൻ മോഷ്ടാക്കൾ എടുത്ത സമയം എത്രയെന്നോ? വെറും നാലു മണിക്കൂർ. സംഭവം അരങ്ങേറിയത് അമേരിക്കയിലെ ടെക്സസിലാണ്.

ടയ്ലറിലെ പെൽടിയർ ഷെവർലറ്റ് ഡീലർഷോപ്പിൽനിന്നും നാലു മണിക്കൂറിനുള്ളിൽ 48 വാഹനങ്ങളിൽനിന്ന് 192 ടയറുകളും വീലുകളും അഴിച്ചുമാറ്റിയെടുത്ത് മോഷ്ടാക്കൾ രക്ഷപെട്ടതായി ടയ്ലർ പോലീസ് വക്‌താവ് ഡോൺ മാർട്ടിൻ അറിയിച്ചു.

ഓഗസ്റ്റ് 21നു അർധരാത്രിക്കുശേഷം നടന്ന കവർച്ചയിൽ രണ്ടുലക്ഷത്തിഅമ്പതിനായിരം ഡോളറിന്റെ നഷ്ടമുണ്ടായതായി ഷെവർലറ്റ് ഡീലർ പറഞ്ഞു. ഷോറൂമിനു ചുറ്റും ഉയർത്തിയിരുന്ന ഫെൻസിലൂടെയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ടയറും വീലും നീക്കം ചെയ്തതിനുശേഷം ഇരുമ്പു സ്ലോക്കുകൾ കാറുകൾ കേടുകൂടാതെ നിർത്തുന്നതിനു മോഷ്ടാക്കൾ ഉപയോഗിച്ചിട്ടുണ്ട്.

ടെക്സസ് സംസ്‌ഥാനത്തു ടയറും വീലും മോഷ്ടിക്കുന്ന ഒരു ഗൂഡ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങൾ പോലീസ് സസൂഷ്മം നിരീഷിച്ചുവരുന്നതിനിടെയാണ് ടയ്ലറിൽ മോഷണം നടന്നത്.

പുലർച്ചെ നടന്ന മോഷണത്തിന്റെ വീഡിയോ ചിത്രങ്ങൾ പോലീസ് ഓഗസ്റ്റ് 23നു പുറത്തുവിട്ടു. മോഷ്ടാക്കളെക്കുറിച്ചു വിവരം ലഭിക്കുന്നവർ ടയ്ലർ പോലീസിനെ 903 531 1000 എന്ന നമ്പരിലോ ക്രൈം സ്റ്റോപ്പേഴ്സിനെ 903 597 2833 എന്ന നമ്പരിലോ അറിയിക്കേണ്ടതാണ്. വ്യക്‌തമായ നിർദേശം നൽകുന്നവർക്ക് ആയിരം ഡോളർ ഇനാം പോലീസ് പ്രഖ്യാപിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ