അണക്കെട്ടുകളിലെ ജലനിരപ്പ്: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
Thursday, August 25, 2016 6:37 AM IST
ബംഗളൂരു: സംസ്‌ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞുവെന്ന് കാണിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കാലവർഷം ദുർബലമായതോടെ ജൂൺ മുതൽ സംസ്‌ഥാനത്ത് മഴയിൽ പത്തു ശതമാനത്തിന്റെ കുറവുണ്ടായതായി അദ്ദേഹം കത്തിൽ അറിയിച്ചു.

കാവേരി, കൃഷ്ണ നദികളുടെ വൃഷ്‌ടിപ്രദേശങ്ങളിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴയിൽ വൻ കുറവുണ്ടാകും. കാവേരി, കൃഷ്ണ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 48 ശതമാനം ജലം മാത്രമാണുള്ളത്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നത് സമീപമേഖലകളിലെ കൃഷിയെ പ്രതിസന്ധിയിലാക്കിയെന്നും സിദ്ധരാമയ്യ കത്തിൽ ചൂണ്ടിക്കാട്ടി.

കാവേരി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നത് ബംഗളൂരു നഗരത്തിലേക്കുള്ള കുടിവെള്ള വിതരണത്തെ ബാധിക്കും. ഇതിനാൽ, ജലസേചന പദ്ധതികൾക്ക് അണക്കെട്ടുകളിലെ ജലം വിട്ടുനല്കേണ്ടെന്ന് മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. കാവേരി നദീതടങ്ങളിലെ ജില്ലകളിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതൽ വ്യാപിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.