ജർമൻ മുൻ പ്രസിഡന്റ് വാൾട്ടർ ഷീൽ അന്തരിച്ചു
Thursday, August 25, 2016 12:57 AM IST
ബർലിൻ: ജർമൻ മുൻപ്രസിഡന്റ് വാൾട്ടർ ഷീൽ(97) അന്തരിച്ചു. കുറെക്കാലമായി രോഗാവസ്‌ഥയിലായിരുന്ന ഷീൽ ഫ്രൈബുർഗിനടുത്തുള്ള ബാഡ് ക്രോസിംഗനിൽ ആയിരുന്നു താമസം.

ഫ്രീ ഡമോക്രാറ്റിക് പാർട്ടിക്കാരനായ ഷീൽ 1974 മുതൽ 1979 കാലഘട്ടത്തിലായിരുന്നു പ്രസിഡന്റായിരുന്നത്. സ്വതന്ത്ര ജർമനിയുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ഇദ്ദേഹം.

വെസ്റ്റ്ഫാളിയ സംസ്‌ഥാനത്തിലെ സോളിംഗനിൽ 1919 ൽ ജൂലൈ എട്ടിനാണ് ഷീൽ ജനിച്ചത്. 1968 മുതൽ 1974 വരെ എഫ്ഡിപി പാർട്ടി ചീഫും വില്ലി ബ്രാൻഡ് ചാൻസലറായി ഭരണം നടത്തുമ്പോൾ 1969 മുതൽ 1974 വരെ ഉപചാൻസലറും വിദേശകാര്യമന്ത്രിസ്‌ഥാനവും വഹിച്ചിട്ടുണ്ട്. ബാർബറാ വീസെയാണ് ഭാര്യ.

ഷീലിന്റെ നിര്യാണത്തിൽ പ്രസിഡന്റ് ജേവാഹിം ഗൗക്ക്, ചാൻസലർ മെർക്കൽ, വിദേശകാര്യമന്ത്രി സ്റ്റൈൻമയർ മറ്റു മന്ത്രിസഭാംഗങ്ങൾ തുടങ്ങിയവർ അനുശോചിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ