പാരാലിംപിക്സിൽ വിലക്ക്; റഷ്യക്ക് പ്രതിഷേധം
Wednesday, August 24, 2016 8:13 AM IST
മോസ്കോ: അടുത്ത മാസം റിയോയിൽ ആരംഭിക്കുന്ന പാരാലിംപിക്സിൽനിന്ന് റഷ്യൻ സംഘത്തിനു വിലക്കേർപ്പെടുത്തിയ നടപടിയിൽ റഷ്യ പ്രതിഷേധിച്ചു. ഭ്രാന്തമായ നടപടി എന്നാണ് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് ഇതിനോടു പ്രതികരിച്ചത്.

ഇന്റർനാഷണൽ പാരാലിംപിക് കമ്മിറ്റിയുടെ നടപടിക്കെതിരേ റഷ്യ നൽകിയ അപ്പീൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് തള്ളുകയായിരുന്നു.

റഷ്യൻ അധികൃതരുടെ ഒത്താശയോടെ നാലു വർഷമായി ഉത്തേജക പദ്ധതി രാജ്യത്തു നടപ്പാക്കി വരുകയാണെന്ന മക്ളാരൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം, ഉത്തേജക പദ്ധതി എന്ന കണ്ടെത്തൽ തെറ്റെന്നു തെളിയിക്കാൻ സാധിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ റഷ്യയ്ക്കു സാധിച്ചില്ലെന്നാണ് സൂചന.

സമ്മർ ഒളിംപിക്സിലും റഷ്യയെ വിലക്കാനാണ് മക്ളാരൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നത്. എന്നാൽ, ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി ഇതിനു മുതിരാതെ, അതത് കായിക ഇനങ്ങളിൽ ആരെയൊക്കെ വിലക്കണമെന്നു തീരുമാനിക്കാൻ അതതു ഫെഡറേഷനുകളെ ചുമതലപ്പെടുത്തുകയായിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ