ജർമനിയിലെ ലത്തീൻ സമൂഹത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 25 ന്
Wednesday, August 24, 2016 8:12 AM IST
കൊളോൺ: ജർമനിയിലെ കൊളോൺ അതിരൂപതയിലെ ലത്തീൻ കത്തോലിക്ക മലയാളി സമൂഹം ഒരുമയുടെയും കൂട്ടായ്മയുടെയും ഉൽസവമായ ഓണം സെപ്റ്റംബർ 25നു (ഞായർ) ആഘോഷിക്കുന്നു.

കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിൽ വൈകുന്നേരം 4.30നു ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിക്കും. തുടർന്നു കേരളീയ തനിമ വിളിച്ചോതുന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. ആഘോഷത്തിലേയ്ക്ക് ഏവരേയും ലത്തീൻസമൂഹം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സമൂഹത്തിന്റെ ഈ വർഷത്തെ സമ്മർഫെസ്റ്റ് ജൂലൈ 24നു നടത്തി. കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3.30നു ഫാ.പ്രിൻസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ റവ.ഡോ.റോക്സൺ ചുള്ളിക്കൽ ഒസിഡി, റവ.ഡോ. ആന്റണി കവുങ്ങവളപ്പിൽ (ആശ്രമശ്രേഷ്ഠൻ, മിഷായേൽബർഗ്, സീഗ്ബുർഗ്), ഫാ.തദേവൂസ് മുണ്ടഞ്ചേരി ഒസിഡി എന്നിവർ സഹകാർമികരായിരുന്നു. തുടർന്നു ദേവാലയാങ്കണത്തിൽ ഫെസ്റ്റും നടന്നു.

ഈ വർഷത്തെ വേനൽക്കാല മരിയൻ തീർഥാടനം സ്വർഗാരോപണ ദിനമായ ഓഗസ്റ്റ് 15നു ജർമനിയിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ വെസ്റ്റർവാൾഡിലെ മരിയൻസ്റ്റാറ്റിൽ നടത്തി.

1064 ൽ സ്‌ഥാപിതമായ കൊളോൺ അതിരൂപതയിലെ സീഗ്ബുർഗ് പട്ടണത്തിലെ മിഷായേൽസ്ബർഗ് ആശ്രമത്തിൽ 2013 സെപ്റ്റംബർ 12 മുതൽ കേരളത്തിലെ നിഷ്പാദുക കർമലീത്ത സന്യാസസഭയിലെ (ഒസിഡി) മഞ്ഞുമ്മൽ പ്രൊവിൻസിൽ നിന്നുള്ള വൈദികരാണ് ആധ്യാത്മിക ശുശ്രൂഷകൾ നിർവഹിക്കുന്നത്. അന്നു മുതൽ റവ.ഡോ.റോക്സൺ ചുള്ളിക്കൽ ഒസിഡിയാണ് കൊളോൺ അതിരൂപതയിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ അജപാലകനായി ശുശ്രൂഷ ചെയ്യുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ