ഫിലിപ്പീൻസിൽ ലോകത്തെ ഏറ്റവും വലുപ്പമുള്ള മുത്ത്
Wednesday, August 24, 2016 8:10 AM IST
ബർലിൻ: ലോകത്ത് ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതെന്നു കരുതുന്ന മുത്ത് ഫിലിപ്പീൻസിൽ പ്രദർശനത്തിനുവച്ചു. മുപ്പത്തിനാല് കിലോഗ്രാമാണ് ഇതിന്റെ ഭാരം.

പത്തു വർഷം മുൻപ് മീൻപിടുത്തക്കാർക്കു കിട്ടിയതാണിത്. അവർ ഇതിന്റെ സാമ്പത്തിക മൂല്യം തിരിച്ചറിയാതെ ഭാഗ്യ ചിഹ്നമായി സൂക്ഷിച്ചു വരുകയായിരുന്നു. ഇപ്പോഴാണ് വിദഗ്ധർ ഇതു തിരിച്ചറിഞ്ഞ് വിലയ്ക്കെടുക്കുന്നത്.

61 സെന്റീമീറ്റർ നീളവും 30 സെന്റീമീറ്റർ വീതിയുമാണിതിന്. നിലവിൽ ഏറ്റവും വലിയ മുത്തിനുള്ള റിക്കാർഡ് പേൾ ഓഫ് ലാവോ സൂ എന്നറിയപ്പെടുന്ന മുത്തിനാണ്. പക്ഷേ അതിനു വെറും 6.4 കിലോഗ്രാം മാത്രമാണ് ഭാരം. ഈ റിക്കാർഡ് അനായാസം ഭേദിക്കാൻ പുതിയതിനു കഴിയും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ