ടെക്സസ് കോളജുകളിൽ കൺസീൽഡ് ഗൺ നിരോധനം: അവസാനശ്രമവും പരാജയപ്പെട്ടു
Wednesday, August 24, 2016 7:05 AM IST
ഓസ്റ്റിൻ: ടെക്സ് സംസ്‌ഥാനത്തെ കോളജ് വിദ്യാർഥികൾക്ക് ക്ലാസ് റൂമിലേയ്ക്കും കാമ്പസിലേക്കും താമസിക്കുന്ന മറ്റു കെട്ടിടങ്ങളിലേക്കും കൺസീൽഡ് ഗൺ കൊണ്ടുവരുന്നതിനുള്ള അനുമതി നിക്ഷേധിക്കണമെന്നാവശ്യപ്പെട്ടു യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ മൂന്നു പ്രഫസർമാർ സമർപ്പിച്ച അപ്പീൽ യുഎസ് ജില്ലാ കോടതി അനുവദിച്ചില്ല.

ക്ലാസ് റൂമുകളിലേയ്ക്കു തോക്കു കൊണ്ടുവരുന്നത് അപകടകരമാണെന്നു ചൂണ്ടിക്കാട്ടിയാണു പ്രഫസർമാർ കോടതിയെ സമീപിച്ചത്.

അതേസമയം, നിയമസഭാ സമാജികരോ യൂണിവേഴ്സിറ്റി അധികൃതരോ വിദ്യാർഥികളോ എവിടേക്കു ഗൺ കൊണ്ടുവരണമെന്ന അവകാശത്തിന്മേൽ ഇടപെടുന്നതിനെതിരേ ഡിസ്ട്രിക്ട് ജഡ്ജി ലി യക്കീൽ ശക്‌തമായ അഭിപ്രായമാണ് സ്വീകരിച്ചത്.

അമ്പതിനായിരം വിദ്യാർഥികൾ പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ ഗൺ നിയമം പാസാക്കിയതു മുതൽ അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടന്നിരുന്നു.

കഴിഞ്ഞവർഷം റിപ്പബ്ലിക്കൻ ഗവർണർ ഗ്രേഗ് എമ്പട്ടാണ് കോളജ് വിദ്യാർഥികൾക്കു കൺസീൽഡ് ഗൺ കൈവശം വയ്ക്കുന്നതിനു അനുകൂലമായ നിയമം അംഗീകരിച്ചു നടപ്പാക്കിയത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ