ഓസ്ട്രിയൻ ട്രെയിനുകളിൽ മൊബൈൽ സിഗ്നൽ സംവിധാനം വരുന്നു
Wednesday, August 24, 2016 7:01 AM IST
വിയന്ന: രാജ്യത്തെ ട്രെയിനുകളിൽ മൊബൈൽ ഫോൺ സിഗ്നൽ ലഭിക്കുവാനായി നൂറു മില്യൻ യൂറോ ചെലവിൽ അടിസ്‌ഥാന സൗകര്യം വികസിപ്പിക്കും. ഓസ്ട്രിയൻ സർക്കാരും ടി മൊബൈൽ കമ്പനിയും സംയുക്‌തമായാണ് 1500 കിലോമീറ്റർ റെയിൽവേ പാളത്തിൽ ഈ സംവിധാനം ഘടിപ്പിക്കുന്നത്.

ഈ വർഷാവസാനത്തോടെ സംവിധാനം പ്രവർത്തിച്ചു തുടങ്ങും. ഇതു നിലവിൽവരുന്നതോടുകൂടി ഓസ്ട്രിയൻ റെയിൽവേ യാത്രക്കാർക്ക് അതിവേഗമുള്ള ഇന്റർനെറ്റും നിലവിലുളളതിനേക്കാൾ ശക്‌തമായ മൊബൈൽ സിഗ്നലുകളും ലഭ്യമായി തുടങ്ങുമെന്നു ഓസ്ട്രിയൻ റെയിൽവേ മേധാവി മത്തായെ അറിയിച്ചു.

വിയന്ന, നീധർ ഓസ്ട്രിയ, സാൾസ് ബുർഗ് സംസ്‌ഥാനങ്ങളിലാണ് ഈ സിഗ്നൽ സംവിധാനം നിർമിക്കുന്നത്. ഇതനുസരിച്ച് ഓരോ അഞ്ചു കിലോമീറ്റർ ദൂരത്തിലും ഓരോ പുതിയ സിഗ്നൽ സ്റ്റേഷനുകൾ നിർമിക്കും. ഈ ടവറുകളിൽ നിന്ന് സെക്കന്റിൽ 200 മെഗാ ബൈറ്റ് പ്രസരണശേഷിയുള്ള സിഗ്നലുകളായിരിക്കും പുറപ്പെടുക.

ഇതിന്റെ രണ്ടാം ഘട്ടമായി സ്റ്റയർ മാർക്ക്, കേരന്ടൻ, ഇൻസ് ബ്രൂക്ക്, ഫോറാറൽബർഗ് എന്നീ സംസ്‌ഥാനങ്ങളിൽ ടവറുകൾ നിർമിക്കും. 2018 ഓടുകൂടി രാജ്യത്തെ എല്ലാ ട്രെയിനുകളിലും ശക്‌തമായ ഇന്റർനെറ്റ് സംവിധാനം നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ