മസ്ക്കറ്റിൽ കേരള വിഭാഗം സുരക്ഷാ സെമിനാർ സെപ്റ്റംബർ രണ്ടിന്
Wednesday, August 24, 2016 6:58 AM IST
മസ്ക്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ കേരള വിഭാഗം സെപ്റ്റംബർ രണ്ടിനു (വെള്ളി) ഡാർസയിറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ രാവിലെ 10 മുതൽ ഒമാനിലെ പ്രമുഖ സുരക്ഷാ പരിശീലകരായ ഒക്കുപ്പേഷണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഒമാന്റെ (ഒടിഐ) സാങ്കേതിക സഹായത്തോടെയും സഹകരണത്തോടെയും സുരക്ഷ സെമിനാർ സംഘടിപ്പിക്കുന്നു.

പരിപാടിയുടെ മുന്നോടിയായി ഓഗസ്റ്റ് 26നു (വെള്ളി) രാവിലെ 10 മുതൽ റൂവിയിലെ കേരള വിഭാഗം ഓഫീസിൽ പോസ്റ്റർ രചന മത്സരവും വൈകുന്നേരം ആറു മുതൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ ലേഖനമത്സരവും നടക്കുന്നു.

‘സുരക്ഷ ദൈനംദിന ജീവിതത്തിൽ’ എന്ന വിഷയത്തിൽ ഊന്നിയാകണം പോസ്റ്റർ രചിക്കേണ്ടത്. ‘വിദ്യാഭ്യാസ കരിക്കുലത്തിൽ സുരക്ഷ പാഠ്യവിഷയമാക്കേണ്ടതിന്റെ ആവശ്യകത’ എന്നതാണ് ലേഖനമത്സരത്തിനുള്ള വിഷയം.

കേരള വിഭാഗം നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി മേയിൽ ഒമാൻ റോഡ് സുരക്ഷാ അസോസിയേഷനുമായി സഹകരിച്ച് റോഡ് സുരക്ഷ സംബന്ധിച്ച് സമാനപരിപാടികൾ നടത്തിയിട്ടുണ്ട്. റോഡ് അപകടങ്ങൾ വർധിച്ചു വരുന്നത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സെമിനാർ ഏറെ സമകാലിക പ്രസക്‌തിയുള്ള പരിപാടി ആയിരുന്നു.

പൊതുജനങ്ങൾക്കു സുരക്ഷാ പരിശീലനം നൽകുക എന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയിൽ നമ്മുടെ പ്രഥമ കർത്തവ്യമായി കേരള വിഭാഗം കാണുന്നു. അതിന്റെ ഭാഗമായാണ് ഈ പരിപാടിയും സംഘടിപ്പിച്ചിട്ടുള്ളത്. സുരക്ഷയെ കുറിച്ചുള്ള അവബോധം വീട്ടിൽ നിന്നുതന്നെ തുടങ്ങണം എന്ന ധാരണയുടെ അടിസ്‌ഥാനത്തിൽ വീടിനുള്ളിലെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ളതായിരിക്കും സെമിനാർ എന്നു കേരള വിംഗ് കൺവീനർ രജിലാൽ കോക്കാടൻ അവകാശപ്പെട്ടു.

പോസ്റ്റർ രചന/ലേഖനമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 92338105, 96099769, 97684334 നമ്പരിൽ ബന്ധപ്പെടുക.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം