ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് ഇന്ത്യൻ സ്വാതന്ത്ര്യസ്മരണ പുതുക്കി
Tuesday, August 23, 2016 8:15 AM IST
കൊളോൺ: വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപതാമത് സ്മരണ പുതുക്കി.

ഓഗസ്റ്റ് 17നു കൊളോൺ റ്യോസ്റാത്ത് സെന്റ് നിക്കോളാസ് ദേവാലയ പാരീഷ് ഹാളിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തി ദേശീയഗാനം ആലപിച്ചു. ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പ്രൊവിൻസ് ചെയർമാൻ ജോസ് കുമ്പിളുവേലിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ആമുഖപ്രസംഗം നടത്തി. ഫാ.ജോസഫ് വടക്കേക്കര സിഎംഐ സന്ദേശം നൽകി. പ്രൊവിൻസ് പ്രസിഡന്റ് ജോളി എം. പടയാട്ടിൽ പ്രസംഗിച്ചു. ഡബ്ല്യുഎംസി ഗ്ലോബൽ നേതാവായ പ്രഫ.ഡോ. ശ്രീധർ കാവിൽ, ജർമൻ മലയാളി ഡോ.ജോർജ് മേച്ചേരി എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. തുടർന്നു സംഘടനാപരമായ വിഷയങ്ങൾ അധികരിച്ചുള്ള വിശദീകരണങ്ങളും ചർച്ചകളും നടന്നു. ജർമൻ പ്രൊവിൻസിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നതിനുശേഷമുള്ള റിപ്പോർട്ട് ജനറൽ സെക്രട്ടറി മേഴ്സി തടത്തിലും കണക്ക് കാര്യങ്ങൾ ട്രഷറാർ ജോസുകുട്ടി കളത്തിപ്പറമ്പിലും അവതരിപ്പിച്ചു പാസാക്കി. ജനുവരി മുതൽ ഡിസംബർ വരെയുള്ള വാർഷിക അംഗത്വഫീസ് 10 യൂറോയാക്കി നിജപ്പെടുത്തിയത് കൗൺസിൽ അംഗീകരിച്ചു.

ഓഗസ്റ്റ് നാലിനു തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ മാത്യു ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന ഗ്ലോബൽ ജനറൽ കൗൺസിൽ മീറ്റിംഗിലെ വിഷയങ്ങൾ യൂറോപ്പ് റീജൺ പ്രസിഡന്റുമാരായ മാത്യു ജേക്കബും തോമസ് അറമ്പൻകുടിയും വിശദീകരിച്ചു. ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ജോളി തടത്തിൽ, ജോസഫ് കില്ലിയാൻ എന്നിവർ ഡബ്ല്യുഎംസിയുടെ നിലവിലെ സ്‌ഥിതിവിവരങ്ങൾ അവതരിപ്പിച്ചു. യൂറോപ്പ് റീജൺ ഭരണ സമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിന് ബോണിൽ നടത്താനും യോഗത്തിൽ തീരുമാനമായി.

ഒക്ടോബർ 21 മുതൽ 23 വരെ പത്താമത് ഗ്ളോബൽ കോൺഫറൻസ് ജർമനിയിൽ നടത്താൻ ജനറൽ കൗൺസിൽ ജർമൻ പ്രൊവിൻസിനെ ചുമതലപ്പെടുത്തിയത് എക്സികൂട്ടീവ് കൗൺസിൽ അംഗീകരിച്ചു. കോൺഫറൻസിന്റെ ജനറൽ കൺവീനറായി മാത്യു ജേക്കബിനെ യോഗം തെരഞ്ഞെടുത്തു.

സംഘടനയിൽ റിബലുകളായി രംഗത്തുവന്ന് പാരലൽ ആയി ബംഗളൂരുവിൽ ഗ്ളോബൽ സമ്മേളനം നടത്താൻ ശ്രമിക്കുന്നവരോട് വിശദീകരണം തേടാനും യോഗം ആവശ്യപ്പെട്ടു. ഇതിനായി മാത്യു ജേക്കബിനെയും തോമസ് അറമ്പൻകുടിയെയും യോഗം ചുമതലപ്പെടുത്തി.

ഡബ്ല്യുഎംസിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ ഒന്നിനു വൈകുന്നേരം അഞ്ചിന് ബോൺ എൻഡനിഷ് ജോസഫ് സ്ട്രുങ്ക് ഹാളിൽ (ഖഛടഋജഒടഠഞഡചഗ ഒഅഘഘഋ, ഞജ്‌ജഇഗഡങടഠഞ 58മ, ആഛചച/ ഋചഉഋചകഇഒ) നടത്താനും തീരുമാനിച്ചു. ഓണാഘോഷത്തിന്റെ കോഓർഡിനേറ്ററായി മാത്യു ജേക്കബിനെയും കൾചറൽ കൺവീനറായി ജോളി എം. പടയാട്ടിലിനെയും യോഗം തെരഞ്ഞെടുത്തു.

ഗ്രിഗറി മേടയിൽ, ചിന്നു പടയാട്ടിൽ, ജോൺ മാത്യു, മാത്യു തൈപ്പറമ്പിൽ, അച്ചാമ്മ അറമ്പൻകുടി എന്നീ കൗൺസിൽ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി മേഴ്സി തടത്തിൽ നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ