മാനഭംഗത്തിനിരയായതായി വ്യാജ പരാതി നൽകിയ ജർമൻ മോഡലിനു പിഴ
Tuesday, August 23, 2016 8:13 AM IST
ബർലിൻ: മാനഭംഗം ചെയ്യപ്പെട്ടതായി പോലീസിനു വ്യാജ പരാതി നൽകിയ ജർമൻ മോഡലിനു ബർലിൻ കോടതി പിഴ വിധിച്ചു. ജിന ലിസ ലോഹ്ഫിങ്ക് എന്ന മോഡൽ ഇരുപതിനായിരം യൂറോ പിഴയടയ്ക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

2012ലാണ് കേസിനാസ്പദമായ സംഭവം. രണ്ടു പുരുഷൻമാരുമായി ഇവർ ഒരേ സമയം ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യം ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഇതിനിടെ താൻ നോ എന്നു പറയുന്നുണ്ടായിരുന്നു എന്നും അതിനാൽ ഇതു മാനഭംഗമായിരുന്നുവെന്നുമാണ് ജിന ലിസ പരാതിപ്പെട്ടത്.

തുടർന്നു ദൃശ്യത്തിൽ ഉൾപ്പെട്ട രണ്ട് പുരുഷൻമാരെയും വിചാരണ നടത്തി. ഇവർ കുറ്റക്കാരല്ലെന്നു തെളിയുകയും ചെയ്തു.

ജർമനിയിലെ നെക്സ്റ്റ് ടോപ്പ് മോഡൽ മത്സരാർഥി കൂടിയാണ് ജിന ലിസ. ഇവരുടെ മാനഭംഗ കേസ് ജർമനിയിലെ സ്ത്രീകൾക്കെതിരായുള്ള നിയമ ഭേദഗതിയെ പോലും സ്വാധീനിച്ചിരുന്നതാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ