പുറ്റിംഗൽ ദുരന്തം: രക്ഷാപ്രവർത്തനം ലോകത്തിന് മാതൃക, വേൾഡ് ട്രോമ കോൺഗ്രസിൽ അഭിനന്ദനം
Tuesday, August 23, 2016 8:09 AM IST
തിരുവനന്തപുരം: പുറ്റിംഗൽ വെട്ടിക്കെട്ട് അപകടത്തിൽ മരണനിരക്ക് കുറയ്ക്കാൻ അധികൃതർക്ക് സാധിച്ചെന്ന് ഡൽഹിയിൽ നടന്ന വേൾഡ് ട്രോമ കോൺഗ്രസ്. ലോകത്തിലെ കണക്കനുസരിച്ച് 5.3 ശതമാനമാണ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളിലെ മരണ നിരക്ക്. എന്നാൽ പുറ്റിംഗൽ വെട്ടിക്കെട്ട് ദുരന്തത്തിൽ മരണ നിരക്ക് 2.9 ശതമാനമായി കുറയ്ക്കാൻ സാധിച്ചതായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിനെ വേൾഡ് ട്രോമ കോൺഗ്രസ് അഭിനന്ദിച്ചു. മറ്റു വൈകല്യമൊന്നുമില്ലാതെ 71 ശതമാനം പേരെയും രക്ഷിച്ചെടുക്കാൻ കഴിഞ്ഞതും പരാമർശ വിഷയമായി.

പൊള്ളൽപോലെയുള്ള അപകടങ്ങളിൽ ആദ്യത്തെ ദിവസത്തേക്കാൾ പിന്നീടുള്ള ദിവസങ്ങളിലാണ് മരണ സംഖ്യ കൂടുന്നത്. എന്നാൽ മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സമൂലം പിന്നീടുള്ള ദിവസങ്ങളിലെ മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞതായി വേൾഡ് ട്രോമ കോൺഗ്രസ് വിലയിരുത്തി. പുറ്റിംഗൽ സംഭവുമായി ബന്ധപ്പെട്ട പ്രബന്ധം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. പ്രേംലാലും പോസ്റ്റർ പ്രസന്റേഷൻ അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അനിൽ സത്യദാസും വേൾഡ് ട്രോമ കോൺഗ്രസിൽ അവതരിപ്പിച്ചു.

ഏപ്രിൽ പത്തിന് കൊല്ലം പുറ്റിംഗൽ ദേവീക്ഷേത്രത്തിലുണ്ടായ അപകടത്തിൽ 111 പേരാണ് മരിച്ചത്. ആയിരത്തി അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.