ഐഎൻഒസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആചരിച്ചു
Tuesday, August 23, 2016 2:25 AM IST
ഷിക്കാഗോ: ലോകം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യത്തിനുവേണ്ടി രക്‌തസാക്ഷികളായ ധീര ദേശാഭിമാനികളെ അനുസ്മരിക്കുന്നതിനായി നൈൽസിലുള്ള രുചി റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ ദേശഭക്‌തിയുടെ അലയൊലികൾ ഉയർന്നു. 1947–കളിൽ നിരവധിയായ നാട്ടുരാജ്യങ്ങളും പട്ടിണിയും, രോഗവും, ജാതിമത സംഘർഷങ്ങളും, അന്ധവിശ്വാസങ്ങളും, കഷ്ടപ്പാടുകളുമായി കിട്ടിയ അന്നത്തെ ദരിദ്രരാജ്യത്തെ, ഇന്നത്തെ നിലയിലുള്ള ഒരു വൻ രാഷ്ട്രമാക്കി മാറ്റിയെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയേയും, നമ്മുടെ മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച ത്യാഗസന്നദ്ധരായ സ്വാതന്ത്ര്യസമര സേനാനികളെ സമ്മേളനത്തിൽ ഓർക്കുവാനും, അവർ ഉയർത്തിപ്പിടിച്ച മാനുഷികമൂല്യങ്ങൾ ശക്‌തമായി മുന്നോട്ടുകൊണ്ടുപോകാനും ഈ സ്വാതന്ത്ര്യദിനത്തിൽ ഐഎൻഒസി നേതാക്കൾ പ്രതിജ്‌ഞ ചെയ്തു.

ഐഎൻഒസി ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐഎൻഒസി കേരളാ ചാപ്റ്റർ നാഷണൽ ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടോമി അംബേനാട്ട്, ആർ.വി.പി ലൂയി ചിക്കാഗോ, ജനറൽ സെക്രട്ടറി സിനു പാലയ്ക്കത്തടം, ജോർജ് മാത്യു, മനു നൈനാൻ, ടോമി വടക്കുംചേരി, ജോസ് കാവിലവീട്ടിൽ, ജോൺസൺ മാളിയേക്കൽ, ജോണി വടക്കുംചേരി, സന്തോഷ് കറ്റൂക്കാരാൻ, ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ, ചാക്കോ ചിറ്റിലക്കാട്ട്, ജോസ് പിണർകയിൽ, സാബു അച്ചേട്ട്, വൈശാഖ് ചെറിയാൻ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സിനു പാലയ്ക്കത്തടം ഒരു വാർത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം