ഭീകരരെ തിരിച്ചറിയാൻ സോഫ്റ്റ്വെയർ ഏർപ്പെടുത്തുന്നു
Monday, August 22, 2016 8:19 AM IST
ബർലിൻ: ഭീകരർ നുഴഞ്ഞു കയറുന്നതു തടയാൻ ജർമൻ അതിർത്തികളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ് വെയറുകൾ ഏർപ്പെടുത്തുന്നു. ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറുടേതാണ് നിർദേശം. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും ഈ സംവിധാനം വ്യാപകമായി ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി. രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ വ്യാപിക്കുന്നു എന്നു വ്യക്‌തമായ പശ്ചാത്തലത്തിലാണ് നടപടികൾ.

ഇതിനിടെ പോളിഷ് അതിർത്തിയിൽനിന്ന് ജർമൻ പോലീസ് ഭീകരവാദി എന്നു സംശയിക്കുന്നയാളെ അറസ്റ്റു ചെയ്തു. ബ്രാൻഡൻബുർഗിലെ എയ്സൻഹട്ടൻസ്റ്റാറ്റിലാണ് അറസ്റ്റ് എന്നു പോലീസ് വൃത്തങ്ങൾ സ്‌ഥിരീകരിച്ചു.

ഐഎസ് പ്രവർത്തകനാണെന്നു കരുതുന്ന ഇയാൾ സലഫിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. ഇരുപത്തേഴുകാരനായ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

എയ്സൻഹട്ടൻസ്റ്റാറ്റിലെ ടൗൺ ഫെസ്റ്റിവലിനിടെ ചാവേറായി പൊട്ടിത്തെറിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ അപ്പാർട്ടുമെന്റിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിട്ടുമുണ്ട്. ഇസ്ലാമിലേക്കു മതം മാറിയ ജർമൻ പൗരനാണെന്നാണ് കരുതുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ