കുവൈത്ത് യുദ്ധത്തെ അടിസ്‌ഥാനമാക്കി ‘ബേണിംഗ് വെൽസ്’ ഒരുങ്ങുന്നു
Monday, August 22, 2016 6:15 AM IST
കുവൈത്ത് : കുവൈത്ത് യുദ്ധത്തെ അടിസ്‌ഥാനമാക്കി ഹോളിവുഡ് സംവിധായകൻ സോഹൻ റോയിയും പ്രശസ്ത മലയാള സംവിധായകൻ ഐ.വി. ശശിയും ചേർന്ന് ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് 2017ൽ കുവൈത്തിൽ നടക്കും.

‘ബേണിംഗ് വെൽസ്’ എന്നു പേരിട്ട സിനിമ ഇംഗ്ലീഷ്, അറബി, ഹിന്ദി ഭാഷകളിൽ ചിത്രീകരിക്കും. കുവൈത്ത് യുദ്ധത്തിന്റെ കെടുതികൾമൂലം വേരു പിഴുതെറിയപ്പെട്ട ഒരു മനുഷ്യനിലൂടെയാണ് കഥ വികസിക്കുന്നത്. ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിൽ ഹോളിവുഡിലെയും ബോളിവുഡിലേയും പ്രശസ്ത അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും പങ്കാളികളാവും. വൻ ബജറ്റിലാണ് സിനിമ നിർമിക്കുന്നത്. അഞ്ച് ഓസ്കർ നാമനിർദേശമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ‘ഡാം 999’ എന്ന ഹോളിവുഡ് ചിത്രത്തിനുശേഷമാണ് സോഹൻ റോയ് ബിഗ് ബജറ്റ് പ്രോജക്ടുമായി രംഗത്തുവരുന്നത്. പത്ത് മില്യൺ ഡോളർ ചെലവിട്ട് ‘ഇൻഡിവുഡ്’ എന്ന പേരിൽ സിനിമ സിറ്റി തുടങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

സിനിമ നിർമാണവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കും. അന്തർദേശീയ സിനിമ പ്രോജക്ടുകളുമായി നിർമാണ പങ്കാളിത്തം ഉൾപെടെ ആലോചനയിലുണ്ട്. ബേണിങ് വെൽ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാകും. ഹൈദരാബാദിലെ റാമോജിറാവു ഫിലിം സിറ്റിയിൽ ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 24 മുതൽ 27 വരെ അരങ്ങൊരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 75 രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരം ഡെലിഗേറ്റുകൾ ഉൾപ്പെടെ 20,000പേർ മേളയിൽ സംബന്ധിക്കും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് മേളയുടെ മുഖ്യ രക്ഷാധികാരി. ഫിലിം ഫെസ്റ്റിവൽ, ഗോൾഡൻ ഫ്രെയിം അവാർഡ് വിതരണം, ഇൻഡിവുഡ് ഫിലിം മാർക്കറ്റ്, ഇന്റർനാഷണൽ ഫിലിം ബിസിനസ് അവാർഡ്, നിക്ഷേപക സംഗമം, സമ്മേളനങ്ങൾ, ശില്പശാലകൾ, ടാലന്റ് ഹണ്ട് തുടങ്ങി ബഹുമുഖ പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് ഇൻഡിവുഡ് ഫിലിം കാർണിവൽ.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ