തീവ്രവാദ ഭീഷണിയെ ചെറുക്കാൻ കുവൈത്തിൽ പുതിയ സേന
Monday, August 22, 2016 6:14 AM IST
കുവൈത്ത്: രാജ്യത്തും മേഖലയിലും വർധിച്ചുവരുന്ന ഭീഷണിയെ ചെറുക്കുവാൻ പ്രത്യേക പരിശീലനം ലഭിച്ച സൈനികരും ആധുനിക ആയുധങ്ങളും അടങ്ങുന്ന പുതിയ സേനയെ നിയമിച്ചു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അൽ ഖാലിദ് അൽ ഹമദ് അസബാഹിന്റേയും ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്. സുലൈമാൻ ഫഹദ് അൽ ഫഹദിന്റേയും നേതൃത്വത്തിലാണ് പ്രത്യേക സേന പ്രവർത്തിക്കുക.

നിരീക്ഷണ ഹെലികോപ്ടർ ഉൾപെടെ വൻ സന്നാഹവുമായാണ് സേനയുടെ പ്രവർത്തനം. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള നിരീക്ഷണവും കേസ് അന്വേഷണവും മറ്റുപ്രവർത്തനങ്ങളും കൺട്രോൾ റൂമിലിരുന്നു ഏകോപിപ്പിക്കും. സംശയാസ്പദമായ സ്‌ഥലങ്ങളും പരിപാടികളും ഹെലികോപ്ടർ വഴി നിരീക്ഷിക്കും. ആക്രമണത്തിനും പ്രതിരോധത്തിനും ശേഷിയുള്ള കരുത്തുറ്റ സേനയെയാണ് വിന്യസിക്കുന്നതെന്നും ചുരുങ്ങിയ സമയം കൊണ്ട് എല്ലായിടത്തും എത്താൻ കഴിയുന്ന രീതിയിലാണ് സംവിധാനിച്ചിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ