ഉമർ ദഖ്നീഷിന്റെ ചിത്രം ലോകത്തെ ഞെട്ടിച്ചു
Friday, August 19, 2016 8:17 AM IST
ബർലിൻ: ഉമർ ദഖ്നീഷ് എന്ന ഈ അഞ്ചു വയസുകാരൻ ഹൃദയമുള്ളവരുടെ കണ്ണീരാകുന്നു. ആംബുലൻസിൽ ഇരിക്കുന്ന ഇവൻ സിറിയയിലെ തകരാൻ ബാക്കിയുള്ള ഒരു റോഡിന്റെ കഷണത്തിൽ ലോകത്തെനോക്കി യാചിക്കുകയാണ്.

സിറിയയിലെ ആലപ്പോയിൽ രൂക്ഷമായ ആക്രമണത്തിന്റെ പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണിവൻ. അവന്റെ മുഖത്ത് കണ്ണീരും ദുഃഖവും ഭീതിയുമില്ല. മരവിച്ചൊരു നിസംഗത മാത്രം. കൈകൾ മടിയിൽ വച്ച് വെറുതേയിരിക്കുന്ന അവൻ വേദന കൊണ്ട് കരയുന്നതു പോയിട്ട്, ഒരു വാക്ക് സംസാരിക്കുന്നതായി ഒരു ദൃശ്യത്തിലുമില്ല.

അവന്റെ അച്ഛനമ്മമാർ എവിടെയെന്ന് ഇപ്പോൾ ആർക്കുമറിയില്ല. ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്നൊരു ആശുപത്രിയിൽ, മുറിവുകളിൽ മരുന്നു വച്ച്, വ്രണമുണങ്ങാത്ത മനസുമായി അവൻ കഴിയുന്നു.

കഴിഞ്ഞ വർഷം തുർക്കി തീരത്ത് ജീവനറ്റ നിലയിൽ കണ്ടത്തെിയ ആരുടേയും കരളലയിക്കുന്ന ഐലൻ കുർദിയുടെ ചിത്രത്തിനു പിന്നാലെ പിതാവിന്റെ ചിത്രവും ലോകത്തെ നൊമ്പരപ്പെടുത്തുന്ന ഒന്നായി മാറിയിരുന്നു. ഭീകരതയുടെ ലോകത്തുനിന്നും രക്ഷനേടാൻ സിറിയയിൽ നിന്നു പലായനത്തിന്റെ വേദന ലോകത്തിനു മുഴുവൻ പകരാൻ മൂന്നുവയസുകാരൻ ഐലന്റെ ചിത്രത്തിനായിരുന്നു. യുദ്ധവും സംഘർഷവും അനാഥമാക്കിയ മണ്ണിൽനിന്ന് എല്ലാം വെടിഞ്ഞ് നാടുവിടേണ്ടിവരുന്നവരുടെ ദൈന്യത പങ്കുവയ്ക്കാൻ പാശ്ചാത്യരാജ്യങ്ങൾ ഉൾപെടുന്ന സമൂഹം മുന്നോട്ടുവന്നിട്ടും വേദനയുടെ നിറച്ചിത്രങ്ങളാണ് എവിടെയും തെളിയുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ