ഡാളസിൽ സിക്ക വൈറസ് രോഗികളുടെ എണ്ണം വർധിക്കുന്നു
Friday, August 19, 2016 6:18 AM IST
ഡാളസ്: ഡാളസ് കൗണ്ടിയിൽ താമസിക്കുന്ന 48 വയസുളള രോഗിയിൽ സിക്ക വൈറസ് കണ്ടെത്തിയതോടെ 28 പേരിൽ ഇതുവരെ രോഗം സ്‌ഥിരീകരിച്ചതായി ഡാളസ് കൗണ്ടി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വിദേശ പര്യടനം കഴിഞ്ഞു എത്തിയവരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മെക്സിക്കോയിൽ സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയ വ്യക്‌തിയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നു സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് രോഗം സ്‌ഥിരീകരിച്ചത്. രോഗിയെ പിന്നീട് ടെക്സസ് ഡിപ്പാർട്ടുമെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസിനു റഫർ ചെയ്തു.

എന്നാൽ വിദേശ യാത്ര കഴിഞ്ഞെത്തിയവരിൽ ഒഴികെ പ്രാദേശിക വാസികളിൽ രോഗം ബാധിച്ചിട്ടില്ലെന്നു ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. സിക്ക വൈറസ് രോഗികളിൽ കൊതുകടി മൂലമാണ് വ്യാപിക്കുന്നത്. സിക്ക വൈറസിനെ ഫലപ്രദമായി ചികിത്സിക്കുന്നതിനുളള മരുന്നോ, രോഗം വരാതിരിക്കുന്നതിനുളള വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

കൊതുകു കടിയിൽ നിന്നും രക്ഷപ്പെടുന്നതിനുളള മാർഗങ്ങൾ മാത്രമാണ് രോഗം വരാതിരിക്കുന്നതിനുളള ഏക മാർഗം. കൊതുകു നിർമാർജനത്തിന് ആവശ്യമായി നടപടികൾ അധികൃതർ ഉൾപെടെ എല്ലാവരും സ്വീകരിക്കണമെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ