ഫിലഡൽഫിയയിൽ പ്രീ കാനാ കോഴ്സ് സമാപിച്ചു
Friday, August 19, 2016 6:16 AM IST
ഫിലഡൽഫിയ: ഷിക്കാഗോ സീറോ മലബാർ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ മേൽനോട്ടത്തിൽ നടന്ന വിവാഹ ഒരുക്ക സെമിനാർ (പ്രീ മാര്യേജ് കോഴ്സ്) സമാപിച്ചു.

ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയം ആതിഥ്യമരുളിയ പ്രീ കാനാ കോഴ്സ് ഓഗസ്റ്റ് 12നു (വെള്ളി) വൈകുന്നേരം ആരംഭിച്ച് 14നു (ഞായർ) വൈകുന്നേരം അവസാനിച്ചു. മൂന്നുദിവസം താമസിച്ചുള്ള പഠനപരിശീലനപരിപാടി നോർത്തീസ്റ്റ് ഫിലഡൽഫിയയിൽ ഫാ. ജഡ്ജ് കാത്തലിക് ഹൈസ്കൂൾ കാമ്പസിലുള്ള മിഷണറി സെർവന്റ്സ് ഓഫ് ദി മോസ്റ്റ് ബ്ലസഡ് ട്രിനിറ്റി ധ്യാനകേന്ദ്രത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ചു വളർന്ന വിദ്യാഭ്യാസം പൂർത്തീകരിച്ച യുവതീയുവാക്കൾക്ക് വിവാഹജീവിതത്തിൽ വിജയം കണ്ടെത്തുന്നതിനും വിവാഹജീവിതം കൂടുതൽ സന്തോഷപ്രദമായും ദൈവികപരിപാലനയോടെയും ഫലപ്രദമായി മുമ്പോട്ടു നയിക്കുന്നതിനും ഉതകുന്ന*പല നല്ല കാര്യങ്ങളും ഈ കോഴ്സിൽ ചർച്ച ചെയ്യപ്പെട്ടു.

ഗ്രൂപ്പു തിരിച്ചുള്ള ചർച്ചാക്ലാസുകൾ, വീഡിയോ ഉപയോഗിച്ചുള്ള പഠനം, കേസ് സ്റ്റഡീസ്, പ്രഭാഷണങ്ങൾ, അനുഭവം പങ്കുവയ്ക്കൽ, കുമ്പസാരം, വിശുദ്ധ കുർബാന, ആരാധന, കൗൺസിലിംഗ് എന്നിവയാണ് മൂന്നു ദിവസത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

ഷിക്കാഗൊ സീറോ മലബാർ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി, സീറോ മലബാർ ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, സെന്റ് ആൽബർട്ട് ചർച്ച് അസി. പാസ്റ്റർ റവ. യൂഗോ, ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി തോമസ് പുളിക്കൽ, സൺഡേ സ്കൂൾ അധ്യാപകരായ ഡോ. ജയിംസ് കുറിച്ചി, ജോസ് മാളേയ്ക്കൽ, ജോസ് ജോസഫ്, സോബി ചാക്കോ, മഞ്ജു ചാക്കോ, ജേക്കബ് ചാക്കോ, ജാസ്മിൻ ചാക്കോ, സിബി–റെനി, സജി–ജോസി സെബാസ്റ്റ്യൻ ദമ്പതികൾ, മെഡിക്കൽ ഡോക്ടർ ഏബ്രാഹം മാത്യു (ഡോ. മനോജ്), ലവ്ലി ജോസ് എന്നിവരാണ് യുവജനങ്ങൾക്കു പരിശീലനം നൽകിയത്. ജോസ് ജോസഫ് ആണ് കോഴ്സ് കോഓർഡിനേറ്റർ.

ഫിലഡൽഫിയ ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി, കോഓർഡിനേറ്റർ ജോസ് ജോസഫ് എന്നിവർ കോഴ്സിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ ചെയ്തു.

ഇന്ത്യയിലോ, അമേരിക്കയിലോ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന എല്ലാ യുവതീയുവാക്കളും വിവാഹത്തിനുമുൻപ് നിർബന്ധമായും പ്രീ മാര്യേജ് കോഴ്സ് പൂർത്തിയാക്കേണ്ടതാണ്.

<ആ>റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ